
തിരുവനന്തപുരം: ചൊവ്വാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. സംഭവ സമയം വീട്ടുകാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തിൽ പ്രമാണങ്ങൾ ഉൾപ്പടെ നിരവധി രേഖകൾ കത്തി നശിച്ചിട്ടുണ്ട്. വെങ്ങാനൂർ പണ്ടാര വിളാകം ഉത്രം ഹൗസിൽ രാജേന്ദ്രന്റെ വീടിനാണ് തീപിടിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടിലെത്തിയ രാജേന്ദ്രന്റെ മരുമകൻ ആനന്ദാണ് സംഭവം കണ്ടത്. വാതില്‍ തുറന്ന ആനന്ദ് വീടിന്നുളിൽ നിന്ന് പുക വരുന്നത് കണ്ടു നോക്കിയപ്പോഴാണ് അടുക്കള ഭാഗത്ത് നിന്ന് തീയുയരുന്നത് കണ്ടത്. ആനന്ദും സമീപ വാസിയും ചേർന്ന് തീകെടുത്താൻ ശ്രമിച്ചെങ്കിലും ചൂട് കാരണം കഴിഞ്ഞില്ല.
തുടർന്ന് സംഭവം അറിഞ്ഞെത്തിയ നാട്ടുകാരായ യുവാക്കൾ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തി. ഇതിനിടയിൽ വിവരം അറിഞ്ഞു വിഴിഞ്ഞം പൊലീസും വിഴിഞ്ഞം അഗ്നിശമന സേനയും കൂടി എത്തിയാണ് തീകെടുത്തിയത്. തീപിടുത്തത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും കത്തി നശിച്ചു. സമീപത്തെ അലമാരയിൽ വെച്ചിരുന്ന ഇരുപതിരണ്ടായിരം രൂപ, സ്വർണം, പ്രമാണങ്ങൾ, മറ്റു രേഖകൾ എന്നിവ പൂർണമായും കത്തി നശിച്ചു.
വീടിന്റെ ഉൾഭാഗം ഭാഗികമായി തീപിടുത്തത്തിൽ നശിച്ചു. ചൊവ്വാഴ്ച രാത്രി സ്ഥലത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇടിമിന്നലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കൊച്ചു കുട്ടിയടക്കം എട്ടംഗ സംഘമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവസമയം ബന്ധുവീട്ടിലെ ഒരു ചടങ്ങിന് പങ്കെടുക്കാൻ ഇവർ പോയിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam