
ഇടുക്കി: മെഡിക്കൽ സ്റ്റോർ മുതൽ കള്ള് ഷാപ്പു വരെ ഒറ്റരാത്രി കൊണ്ട് ഒമ്പതിടത്ത് മോഷണം നടത്തി തസ്കര വിളയാട്ടം. സമീപത്തുള്ള വില്ലേജ് ഓഫീസിൽ കൂടി മോഷണം നടത്താൻ ശ്രമിച്ചാണ് മടങ്ങിയത്. ചിലയിടത്ത് നിന്നും കാര്യമായൊന്നും ലഭിച്ചിട്ടില്ലെങ്കിലും എല്ലായിടത്തും കാര്യമായി പരതിയിട്ടുണ്ട്. ഒരാള്‍ ആണോ ഒന്നില്‍ കൂടുതല്‍ പേരുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേയിൽ കട്ടപ്പന - കുട്ടിക്കാനം റൂട്ടിൽ ലബ്ബക്കടയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി വ്യാപാരികൾ അറിയുന്നത്. ലബ്ബക്കടയിൽ പ്രവർത്തിക്കുന്ന മിനി സൂപ്പർ മാർക്കറ്റിൽ നിന്നും 2000 രൂപയും സഹകരണ ആശുപത്രിയുടെ മെഡിക്കൽ സ്റ്റോറിൽ നിന്നും 4000 രൂപയും ഇ- സേവന കേന്ദ്രത്തിൽ നിന്നും 1500 രൂപയും അക്ഷയ കേന്ദ്രത്തിൽ നിന്നും 10,000 രൂപയോളവും മോഷണം പോയി,
തുണിക്കട, സമീപത്തെ ഓയിൽ മിൽ എന്നിവിടങ്ങളിലും മോഷ്ടാക്കള്‍ കയറിയെങ്കിലും ഒന്നും നഷ്ടമായിട്ടില്ല. കാഞ്ചിയാർ വില്ലേജ് ഓഫീസ്, ടൗണിലെ ബൈക്ക് വർക്ക് ഷോപ്പ് , ലോട്ടറിക്കട, കള്ളുഷാപ്പ് എന്നിവയും കുത്തിത്തുറക്കാൻ ശ്രമിച്ചു. അക്ഷയ കേന്ദ്രത്തിൽ നിന്നും ലഭിച്ച രേഖകളെല്ലാം സമീപത്ത് കൊണ്ടുപോയി നിരത്തിയിട്ട് പരിശോധിച്ചിട്ടുണ്ട്.
രാത്രിയിൽ നടന്ന മോഷണ ശ്രമത്തിൽ കടകൾക്ക് കാര്യമായ നാശനഷ്ടങ്ങളും സാമ്പത്തിക നഷ്ടവും ഉണ്ടായി. സ്ഥാപനങ്ങൾ കുത്തിത്തുറക്കാൻ ശ്രമിച്ച കട്ടപ്പാര സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തു. പൊലീസും ഫോറൻസിക് സംഘവുമെത്തി അന്വേഷണം നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മുഖംമൂടി വെച്ച് കയ്യുറ ധരിച്ച കള്ളൻ മോഷണം നടത്തുന്ന വ്യക്തമല്ലാത്ത ദൃശ്യങ്ങളാണ് ലഭിച്ചത്. ഒരാള്‍ പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് കാഞ്ചിയാർ വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബാബു സ്‌കറിയ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam