
കോഴിക്കോട്: ഇന്ധന വില റെക്കോഡ് വർധനയിൽ എത്തിയതോടെ സംസ്ഥാനത്ത് കൂടുതൽ ബസ്സുകൾ സർവ്വീസ് നിർത്താനൊരുങ്ങുന്നു. 3000 ഓളം ബസ്സുകൾ സർവ്വീസ് നിർത്തി വെക്കുന്നതിനുള്ള അപേക്ഷ ട്രാൻസ്പോർട്ട് ഓഫീസുകളിൽ നൽകിയതായാണ് ബസ്സുടമകളുടെയും തൊഴിലാളികളുടെയും സംഘടനകൾ പറയുന്നത്.
കോഴിക്കോട് ജില്ലയിൽ മാത്രം 400 ലധികം ബസ്സുകളാണ് സർവ്വീസ് നിർത്തി വെക്കുന്നതിനായി ജി ഫോം അപേക്ഷ നൽകിയതെന്ന് സംസ്ഥാന ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ഉള്ളത്. മൂന്ന് മാസം നികുതി നൽകാതെ അറ്റകുറ്റപ്പണികൾക്കായി സർവ്വീസ് നിർത്തി വെക്കാൻ ജി ഫോം അപേക്ഷ നൽകുന്നതിലൂടെ കഴിയും. ഇന്ധനവിലയിൽ സബ്സിഡി നൽകാതെ ഒരു തരത്തിലും മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ബസ്സുടമകൾ പറയുന്നു.
അതേസമയം ഇന്ധന വില കുറയ്ക്കാൻ കേന്ദ്രം തയ്യാറാകാത്തിടത്തോളം പ്രതിസന്ധി പരിഹരിക്കാൻ എളുപ്പ വഴി ഇല്ലെന്നാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാത്ത ഏതെങ്കിലും നിർദേശങ്ങളുണ്ടെങ്കിൽ ബസ്സുടമകളുമായി ചർച്ച ചെയ്ത് നടപ്പാക്കും. മോട്ടോർ വാഹന നിയമപ്രകാരം 15 വർഷം കഴിഞ്ഞ ബസ്സുകൾ നിരത്തിൽ നിന്ന് പിൻവലിക്കണം എന്ന ചട്ടത്തിൽ അഞ്ച് വർഷത്തെ ഇളവ് കൊടുത്തിട്ടുണ്ടെന്നും ബസ്സുടമകൾ സഹകരിക്കണമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam