
കൂനം മൂച്ചി: മറ്റം സെന്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് പത്താം തരത്തിൽ എല്ലാ വിഷയത്തിലും ഫുൾ A+ വാങ്ങിയ അനന്യയുടെ കരുണ നിറഞ്ഞ പ്രവർത്തനം ഒരു കുടുംബത്തിന്റെ കാരുണ്യ വെളിച്ചമായി മാറി. തന്റെ സഹപാഠിയും ഫുൾ A+ ജേതാവുമായ നിഹാലയുടെ ഒറ്റമുറിയുളള കൊച്ചു വീട്ടിലേക്ക് കെഎസ്ഇബിയുടെ വൈദ്യുതി ചാർജിലേക്കായി 10,000(പതിനായിരം) രൂപ ഡിപ്പോസിറ്റ് ചെയ്താണ് കഷ്ടപാടിലും ഉന്നത വിജയം നേടിയ കുട്ടുകാരിക്ക് മധുരസമ്മാനം നൽകി മാതൃകയായത്.
തന്റെ A+ വിജയത്തിന് ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനിച്ച സമ്മാന തുകയിൽ നിന്നാണ് കൂനംമൂച്ചി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെത്തി കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ പി.കെ ജയപ്രകാശിന് തുക കൈമാറിയത്. സീനിയർ സൂപ്രണ്ട് റോമിയോ ഫ്രാൻസിസ് അനന്യയുടെ ഡിപ്പോസിറ്റ് സുഹറയുടെ കൺസ്യൂമർ നമ്പറിൽ ക്രെഡിറ്റ് ചെയ്ത രശീത് നൽകി അഭിനന്ദിച്ചു.
തൃശ്ശൂർ അതിരൂപത സിഎൽസി പ്രസിഡണ്ട് ജോമി ജോൺസൻ അനുമോദന പ്രസംഗം നടത്തി. തന്റെ കൂട്ടുകാരിയുടെ വീട് നിർമ്മാണത്തിനുള്ള എന്റെ എളിയ സംഭാവനയാണ് ഇതെന്നും മറ്റുള്ളവർ ഇത് മാതൃകയായി സ്വീകരിച്ച് മുന്നോട്ട് വരണമെന്നുമാണ് ആഗ്രഹമെന്ന് അനന്യ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സഹോദരങ്ങളായ അമൃത, അഭിഷേക്, എന്നിവരോടൊപ്പമാണ് അനന്യ കെഎസ്ഇബി ഓഫീസിലെത്തിയത്. മറ്റം സെന്റ് ഫ്രാൻസിസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ സ്റ്റൈജുവിന്റെയും വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക അമ്പിളി പീറ്ററിന്റെയും മൂത്തമകളാണ് അനന്യ.
മുൻ വർഷങ്ങളിൽ സംസ്ഥാന ജില്ലാ പ്രസംഗ, ക്വിസ് മത്സര വിജയിയായ അനന്യ മുൻപും തനിക്ക് ലഭിച്ച സമ്മാന തുകകൾ പലർക്കായി വിതരണം ചെയ്ത് മാതൃകയായിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam