അപകടത്തിൽ ജീവൻ പൊലിഞ്ഞ ദമ്പതികൾക്ക് വീട് വയ്ക്കാൻ വാങ്ങിയ ഭൂമിയിൽ അന്ത്യവിശ്രമം, കണ്ണീരണിഞ്ഞ് നാട്...

By Web TeamFirst Published May 18, 2022, 11:49 AM IST
Highlights

അപകടത്തിൽ ഒപ്പം ഉണ്ടായിരുന്ന മക്കൾ നവീൻ, നിമിഷ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു...

തിരുവനന്തപുരം: ബെൽഗാമിൽ കാർ അപകടത്തിൽ മരിച്ച ദമ്പതികൾക്ക് നാടിന്റെ അന്ത്യാഞ്ജലി. ബെൽഗാം സിവിൽ ഹോസ്പിറ്റലിൽ നിന്ന് ദമ്പതികളായ ബിനുരാജയ്യൻ, ഷീന എന്നിവരുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന്‌ ശേഷം ഇന്നലെ രാത്രി വീട്ടിലെത്തിച്ചപ്പോൾ കണ്ണീരോടെയാണ്‌ നാടൊന്നാകെ വിടചൊല്ലിയത്‌. കഴിഞ്ഞ ഞായറാഴ്ച രാവിലെ നവി മുംബെയിൽ നിന്ന് വെങ്ങാനൂരിലെ പനങ്ങോട് കിഴക്കെ വിള വീട്ടിൽ അവധി ആഘോഷിക്കാൻ വരവേ ബെൽഗാമിലെ ശങ്കേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാർ നിയന്ത്രണം വിട്ട് ഇവരുടെ കാർ മറിയുകയായിരുന്നു. 

അപകടത്തിൽ ഒപ്പം ഉണ്ടായിരുന്ന മക്കൾ നവീൻ, നിമിഷ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. നവി മുംബൈയിലെ നേറുൽ റെയിൽവേ സ്റ്റേഷന് സമീപം നേറുൽ സെക്ടർ 14 ൽ താമസക്കാരനും സ്വകാര്യ കമ്പനിയിലെ സേട്ടിന്റെ ഡ്രൈവറുമായ ബിനു വിവാഹ ശേഷം ഇവിടെ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ആഴ്ച നാട്ടിൽ എത്തുമെന്ന് ബന്ധുക്കളോട് പറഞ്ഞെങ്കിലും ജോലി തിരക്ക് കാരണം നീണ്ടു പോകുകയായിരുന്നു. 

ഇന്നലെ രാത്രി 8 ഓടെ വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ പനങ്ങോട് ഷീനയുടെ കുടുംബ വീട്ടിൽ എത്തിച്ച ഇരുവരുടെയും മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്ത്യമോപചാരം അർപ്പിച്ചു. ദമ്പതികളുടെ മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ
പലരും വിതുമ്പി. ധനുവച്ചപുരം കരിക്കകം സ്വദേശിയായ ബിനു ഭാര്യാ വീടിന് സമീപമുള്ള പനങ്ങോട് തുലവിള ലൂഥറൻ ചർച്ചിന് സമീപം ഭൂമി വാങ്ങുകയും വീട് വെക്കാൻ പദ്ധതിയിടുകയും ചെയ്തിരുന്നു. ഈ വസ്തുവിൽ രാത്രി 8.40 ഓടെ ഇരുവരുടെയും മൃതദേഹങ്ങൾ അടക്കം ചെയ്തു.

click me!