1946ൽ വിഴിഞ്ഞം തുറമുഖ സർവേ അം​ഗം; സ്വപ്ന പദ്ധതി നേരിൽക്കാണാൻ 100-ാം വയസ്സിലും ഗോവിന്ദ മേനോൻ എത്തി

Published : Dec 25, 2022, 11:20 AM IST
1946ൽ വിഴിഞ്ഞം തുറമുഖ സർവേ അം​ഗം; സ്വപ്ന പദ്ധതി നേരിൽക്കാണാൻ 100-ാം വയസ്സിലും ഗോവിന്ദ മേനോൻ എത്തി

Synopsis

നാൽപതുകളുടെ അവസാനത്താണ് അന്നത്തെ രാജഭരണം വിഴിഞ്ഞത്ത് ഒരു തുറമുഖം എന്ന ആശയം മുന്നോട്ടു വച്ചത്. പ്രാഥമിക സർവേ നടത്താൻ ബ്രിട്ടീഷ് വിദഗ്ധരെ തന്നെ ചുമതല ഏൽപ്പിച്ചു.

തിരുവനന്തപുരം:  സ്വപ്ന പദ്ധതി കാണാൻ 100ാം വയസിൽ ജി. ഗോവിന്ദ മേനോൻ വിഴിഞ്ഞത്ത് എത്തി. പതിറ്റാണ്ടുകൾക്കു മുൻപ് വള്ളങ്ങളിൽ ഇരുന്ന് അളന്നും കുറിച്ചും തിട്ടപ്പെടുത്തിയ സ്ഥലത്ത് മക്കളോടൊപ്പം കാറോടിച്ചെത്തിയാണ് അദ്ദേഹം തുറമുഖ കാഴ്ചകൾ കണ്ടത്. ജീവിത കാലത്ത് കാണാൻ കഴിയില്ല എന്നു കരുതിയ സ്വപ്നത്തിന്റെ ഓരത്താണ് അദ്ദേഹം കഴിഞ്ഞ ദിവസം കൈപിടിച്ചു നിന്നത്.

ആദ്യ സർവേ നടത്തിയ സംഘാംഗം

നാൽപതുകളുടെ അവസാനത്താണ് അന്നത്തെ രാജഭരണം വിഴിഞ്ഞത്ത് ഒരു തുറമുഖം എന്ന ആശയം മുന്നോട്ടു വച്ചത്. പ്രാഥമിക സർവേ നടത്താൻ ബ്രിട്ടീഷ് വിദഗ്ധരെ തന്നെ ചുമതല ഏൽപ്പിച്ചു. അന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം ബാച്ച് വിദ്യാർഥിയായി പഠിച്ചിറങ്ങിയ ജി.ജി മേനോനും സംഘത്തിലെ അംഗമായി. 1946 ലും 49 ലും സർവേ നടന്നു. ലെഡ് സൗണ്ടിങ് റോപ്പ്, സൗണ്ടിങ് സെക്സ്ടന്റ് തുടങ്ങിയ സർവേ ഉപകരണങ്ങൾ ക്ലാവ് പിടിക്കാത്ത ഓർമ്മയായി മേനോന്റെ മനസിലുണ്ട്. ഓർമയിലുണ്ട്. സർവേയുടെ ഫലങ്ങൾ ബ്രിട്ടനിലേക്ക് അയച്ചു. അത് പ്രോജെക്ട് റിപ്പോർട്ടാക്കി തിരിച്ചയച്ചെങ്കിലും രാഷ്ട്രീയ മാറ്റം പദ്ധതി അനിശ്ചിതത്വത്തിലാക്കി .മേനോൻ മറ്റു ചുമതലകളിലേക്ക് മാറ്റപ്പെടുകയും ചെയ്തു.

കണക്കു കൂട്ടലിനപ്പുറം അവിശ്വസനീയം

ഇരുപത് മീറ്ററോളം ആഴമുള്ള കടലിനു മുകളിലെ 800 മീറ്റർ വാർഫ്, പഴയ എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ കണക്കുകളെ മനക്കണക്കു കൊണ്ടു ഹരിച്ചു ഗുണിച്ചു നോക്കി. "ഇല്ല ഇത്രയും വലുപ്പമുള്ള തുറമുഖം ആയിരുന്നില്ല ഞങ്ങൾ അന്ന് കണക്കു കൂട്ടിയത്. ഇതിപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല" ഇത്രയുമൊക്കെ കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു. ആദ്യ കപ്പൽ വരുന്ന ദിവസത്തെ കുറിച്ചും അന്വേഷിച്ചു. അന്ന് സർവേക്ക് സഹായിച്ചവർ ഉൾപ്പെടെയുള്ള മത്സ്യ തൊഴിലാളികൾ തുറമുഖം എത്രയും വേഗം വരണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന വിവരം മേനോൻ ഓർത്തെടുത്തു പറഞ്ഞു.

നേരത്തെ പ്രോജെക്ട് ഡയറക്ടർ എതിരാജൻ രാമചന്ദ്രൻ, ജീവനക്കാരായ ദീപേഷ് കെ, വിപിൻ എസ്‌, വത്സല കുമാർ തുടങ്ങിയവർ ചേർന്ന് മേനോനെയും മക്കളായ ഹരികുമാർ, ശശികുമാർ എന്നിവരെയും സ്വീകരിച്ചു. വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതി പ്രവർത്തകരായ സതീഷ് ഗോപി, വിൽഫ്രഡ്‌ കുലാസ്, പ്രശാന്ത് ഡേവിഡ്, ഏലിയാസ് ജോൺ എന്നിവരും മേനോനോടൊപ്പം ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി