
പാലക്കാട്: ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് ആദിവാസി യുവാവിന് പിഎസ്‌സി ജോലി നിഷേധിച്ചു. പാലക്കാട് ആനവായ് ഊരിലെ മുത്തുവിനാണ് ഒരു കൈപ്പാടകലെ സർക്കാർ ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷ പാസായി അഭിമുഖം വരെ എത്തിയ ശേഷമാണ് പല്ലിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടതെന്ന് മുത്തു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെറുപ്പത്തിൽ വീണതിനെ തുടർന്നാണ് പല്ലിന് തകരാർ വന്നത്. പണമില്ലാത്തതിനാൽ ചികിത്സിക്കാനായില്ലെന്നും മുത്തു പറഞ്ഞു.
പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. എഴുത്തുപരീക്ഷ വിജയിച്ച് കായികക്ഷമതയും തെളിയിച്ച ശേഷമാണ് മുത്തുവിന് ജോലി നിഷേധിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് സംവരണം ചെയ്തിരിക്കുന്ന തസ്തികയിലേക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. അട്ടപ്പാടിയിലെ മുക്കാലിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് മുത്തുവിന്റെ വീട്. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് പൊരുതി നേടിയ ജോലിയാണ് മുത്തുവിനെ കൈയ്യകലത്ത് നഷ്ടപ്പെട്ടത്.
മുത്തു പറഞ്ഞത്...
വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സ്പെഷൽ റിക്രൂട്മെന്റ് ഒഴിവിലേക്ക് ഞാൻ അപേക്ഷിച്ചിരുന്നു. പരീക്ഷയും കായികക്ഷമതയും പാസായി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെ ഘട്ടത്തിൽ ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് എനിക്ക് ജോലി നിഷേധിച്ചു. പണമില്ലാത്തത് കൊണ്ടാണ് അത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാതിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam