പുല്‍പ്പള്ളിയില്‍ കരടി, അമ്പലവയലില്‍ കടുവ; ഒന്നിലധികം കടുവയെന്ന് നാട്ടുകാര്‍, നട്ടംതിരിഞ്ഞ് വനംവകുപ്പ്

Published : Dec 25, 2022, 08:12 AM IST
പുല്‍പ്പള്ളിയില്‍ കരടി, അമ്പലവയലില്‍ കടുവ; ഒന്നിലധികം കടുവയെന്ന് നാട്ടുകാര്‍, നട്ടംതിരിഞ്ഞ് വനംവകുപ്പ്

Synopsis

കടുവയുടെ ആക്രമണങ്ങള്‍ക്ക് പുറമേ കരടി കൂടി നാട്ടിലിറങ്ങിയതോടെ വന്യമൃഗ ആക്രമണ പേടിയില്‍ പൊറുതി മുട്ടിയിരിക്കുകയാണ് വയനാട്ടുകാര്‍.

സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ ദിവസം പുല്‍പ്പള്ളി അമ്പത്താറിലെ കൃഷിയിടങ്ങളിലെത്തിയ കരടിയെ ഇനിയും വനത്തിലേക്ക് തുരത്താനായില്ല. ഒരാഴ്ചയോളമായി കരടിയെ പ്രദേശത്തെ വിവിധ തോട്ടങ്ങളിലും പ്രദേശവാസികള്‍ കാണുന്നുണ്ടെങ്കിലും തുരത്താനുള്ള വനംവകുപ്പിന്റെ ശ്രമം വിജയം കണ്ടിട്ടില്ല. വെള്ളിയാഴ്ച രാവിലെ കരടിയുടെ കാല്‍പ്പാടുകളും കാഷ്ടവും നടപ്പാതയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും എത്തി സമീപത്തെ തോട്ടത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. കടുവയുടെ ആക്രമണങ്ങള്‍ക്ക് പുറമേ കരടി കൂടി നാട്ടിലിറങ്ങിയതോടെ വന്യമൃഗ ആക്രമണ പേടിയില്‍ പൊറുതി മുട്ടിയിരിക്കുകയാണ് വയനാട്ടുകാര്‍.

രണ്ടുദിവസം മുമ്പാണ് കാപ്പിത്തോട്ടത്തില്‍ എത്തിയ യുവാവ് കരടിയുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. സമീപത്തെ വനത്തില്‍നിന്നാണ് കരടി പ്രദേശത്തേക്കെത്തുന്നത്. കരടിയെ പിടികൂടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷം വനത്തിലേക്ക് തുരത്താനുള്ള നടപടിയാണ് വനംവകുപ്പ് സ്വീകരിച്ച് വരുന്നത്. എന്നാല്‍ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കരടി ജനവാസ കേന്ദ്രത്തില്‍ തന്നെ തങ്ങിയതോടെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ പ്രദേശത്ത് രാവും പകലും പട്രോളിങ് നടത്തുകയാണ്. അതേ സമയം കഴിഞ്ഞ മാസം കടുവ കൂട്ടിലകപ്പെട്ട അമ്പലവയല്‍ പൊന്‍മുടിക്കോട്ടയില്‍ റോഡില്‍ വീണ്ടും കടുവയെ കണ്ടതോടെ ജനം ഭീതിയിലായി.

വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ കടുവ പ്രധാനപാതയിലൂടെ നടക്കുന്ന ദൃശ്യം സി.സി.ടി.വി.യില്‍ പതിഞ്ഞതോടെയാണ് പിടികൂടിയതിന് പുറമെ മറ്റു കടുവകള്‍ കൂടി പ്രദേശത്ത് എത്തുന്നതായി വ്യക്തമായിരിക്കുന്നത്. അതിനിടെ വിവരമറിയിച്ചിട്ടും വെള്ളിയാഴ്ച സ്ഥലത്തെത്താതിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധവും കനക്കുകയാണ്. നവംബര്‍ 17-ന് കൂട്ടിലകപ്പെട്ട കടുവയുടെ കുഞ്ഞാണ് പ്രദേശത്തുള്ളതെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ ഒന്നിലധികം കടുവകള്‍ ഇവിടെയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വ്യാഴാഴ്ച നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ കടുവയ്ക്ക് വലിപ്പം കുറവാണ്.  എന്നാല്‍ പലയിടത്തും കണ്ടെത്തിയ കാല്‍പ്പാടുകള്‍ വലിയത് ആണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൊന്‍മുടിക്കോട്ടയില്‍ നാലിടങ്ങളിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ രഘു തിങ്കളാഴ്ച വൈകീട്ട് പണികഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് കടുവയെ നേരില്‍ക്കണ്ടത്. പ്രദേശത്തുള്ള കാടുമൂടിയ തോട്ടങ്ങളില്‍ ഒന്നിലധികം കടുവകള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈകുന്നേരത്തും പുലര്‍ച്ചെയും കടുവയുടെ അലര്‍ച്ച കേള്‍ക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം മുഖവിലക്കെടുക്കാന്‍ വനംവകുപ്പ് ആദ്യം തയ്യാറായിരുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Read More : 'ഇനിയെങ്ങനെ ബാങ്ക് വായ്പ തിരിച്ചടക്കും', വിതുമ്പലോടെ കര്‍ഷകര്‍; വയനാട്ടിലെ വയലുകള്‍ കൈയ്യടക്കി കാട്ടുമൃഗങ്ങള്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ