പത്തുവയസ്സുകാരൻ അഖിലിന്റെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി ഗാന്ധിഭവന്‍ അന്തേവാസികള്‍

By Web TeamFirst Published Sep 9, 2021, 8:52 PM IST
Highlights

ഫാൻകോനിസ് അനീമിയ എന്ന രോഗം ബാധിച്ച  ചെറുതന ആനാരി വടക്കേക്കര ഒറ്റതെങ്ങിൽ സന്തോഷിന്റെയും രജനിയുടെയും മകൻ  അഖിലിന്റെ  (10) ചികിത്സക്ക് വേണ്ടിയാണ് ഒരുനാട് ഒന്നടങ്കം തയ്യാറാകുന്നത്.

ഹരിപ്പാട്: പത്തുവയസുകാരന്റെ ജീവൻ രക്ഷിക്കാൻ ക്ഷേമപെൻഷൻ നൽകി ഗാന്ധിഭവൻ സ്നേഹവീട്ടിലെ അം​ഗങ്ങൾ. ഫാൻകോനിസ് അനീമിയ എന്ന രോഗം ബാധിച്ച  ചെറുതന ആനാരി വടക്കേക്കര ഒറ്റതെങ്ങിൽ സന്തോഷിന്റെയും രജനിയുടെയും മകൻ  അഖിലിന്റെ  (10) ചികിത്സക്ക് വേണ്ടിയാണ് ഒരുനാട് ഒന്നടങ്കം തയ്യാറാകുന്നത്. ഈ സമാഹരണത്തിലേക്കുള്ള ആദ്യ കൈനീട്ടം നൽകിയത് ഗാന്ധിഭവൻ സ്നേഹവീട്ടിൽ കഴിയുന്ന 16 ഓളം അന്തേവാസികളാണ്. തങ്ങൾക്ക് ലഭിച്ച പെൻഷൻ തുകകളാണ് ഇവർ സമ്മാനിച്ചത്.

30 ലക്ഷം രൂപ കണ്ടെത്താൻ ജീവൻ രക്ഷാ സമിതിയുടെ  നോട്ടീസ് വായിച്ചപ്പോൾ മുതിർന്ന അംഗങ്ങളായ ജാനകിയമ്മ, കമലമ്മ, രാഘവൻ പിള്ള  എന്നിവർ അവരുടെ പെൻഷൻ തുക നൽകാൻ സന്നദ്ധരായി . പിന്നീട് ബാക്കിയുള്ളവരും അതിനു പിന്തുണ നൽകി. ജീവൻ രക്ഷാ സമിതിക്ക് ആദ്യ തുക ​ഗാന്ധിഭവനിൽ നിന്ന് നൽകി, ജീവൻ രക്ഷാ സമിതി ചെയർമാൻ എബി മാത്യു, കൺവീനർ സി. പ്രസാദ്, ജില്ലാ പഞ്ചായത്ത്‌ അംഗം  എ. ശോഭ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. അനില, മുരളി, സമിതി അംഗങ്ങളായ സണ്ണി, ബെന്നി, എന്നിവർ നേരിട്ട് എത്തി അന്തേവാസികളിൽ നിന്ന് പണം ഏറ്റുവാങ്ങി.  സെപ്റ്റംബർ 11ന് നടക്കുന്ന ചികിത്സ സഹായത്തിൽ എല്ലാവരും സഹായം നൽകണം എന്ന പ്രാർത്ഥനയിലാണ് ഗാന്ധിഭവനിലെ അമ്മമാർ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!