
സുല്‍ത്താന്‍ബത്തേരി: അമ്പലവയല്‍ ടൗണില്‍ നിന്നുള്ള മലിനജലം കിണറുകളിലും കുടിവെള്ളത്തിലും കലരുന്നുവെന്ന പരാതിയുമായി കുടുംബങ്ങള്‍. ടൗണിനടുത്ത് ആനപ്പാറ റോഡില്‍ താമസിക്കുന്ന 15 കുടുംബങ്ങള്‍ക്കാണ് ദുരിതം. പത്ത് വര്‍ഷമായി പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇവര്‍. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് ഇതിനകം പരാതി നല്‍കിയെന്ന് കുടുംബങ്ങള്‍ പറയുന്നു. മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലമടക്കം കിണറുകളിലെത്തുന്നതായാണ് പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് ടൗണിലെ ഓടകളുടെ നിര്‍മാണം നടത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അശാസ്ത്രീയമായ നിര്‍മാണം കാരണം മഴയില്ലെങ്കില്‍ പോലും അഴുക്കെല്ലാം കുടിവെള്ള സ്രോതസ്സിലും മറ്റും എത്തുന്നുവെന്നാണ് പരാതി. ഓടകള്‍ വഴിയും മറ്റും ഒഴുകിയെത്തുന്ന വെള്ളം സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കും സമീപത്തെ പാടങ്ങളിലേക്കുമാണ് എത്തുന്നത്. പ്രശ്‌നത്തില്‍ കുടുംബങ്ങള്‍ക്കനുകൂലമായ നീക്കങ്ങള്‍ ഒന്നും അമ്പലവയല്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു.
പഞ്ചായത്തിന് അഴുക്കുവെള്ളം സംസ്‌കരിക്കുന്നതിന് ശരിയായ സംവിധാനമില്ലെന്നും കുടുംബങ്ങള്‍ പറഞ്ഞു. മലിനജലം കെട്ടിനില്‍ക്കുന്നത് കാരണം പ്രദേശത്ത് കൊതുക്ശല്യം രൂക്ഷമായിട്ടുണ്ട്. മഴക്കാലത്താകട്ടെ ഇരട്ടി ദുരിതമാണ് കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്നത്. അഴുക്ക്ചാലില്‍ അടിഞ്ഞു കൂടുന്ന ഖരമാലിന്യങ്ങള്‍ അടക്കമുള്ളവ മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടുമുറ്റത്തടക്കം വന്നുനിറയുന്നു. ഇതിന് പുറമെ ടൗണിലെ മഴവെള്ളം മുഴുവന്‍ പേറേണ്ട ഗതികേടും തങ്ങളുടെ തൊടികള്‍ക്കാണെന്നും താമസക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
മഴ ശമിച്ചാല്‍ ജൈവമാലിന്യമടക്കം തൂത്ത് വൃത്തിയാക്കുന്ന പണിയാണ് ആനപ്പാറ റോഡിലെ ഓരോ കുടുംബങ്ങള്‍ക്കും. മാസങ്ങള്‍ക്ക് മുമ്പ് അമ്പലവയല്‍ ഫാമിലെ ജീവനക്കാരന്‍ എലിപ്പനി മൂലം മരണപ്പെട്ടിരുന്നു. പ്രദേശത്തെ മാലിന്യപ്രശ്‌നങ്ങള്‍ അന്ന് വാര്‍ത്തകളായിരുന്നുവെങ്കിലും ഇത് പരിഹരിക്കാനുള്ള നടപടികളുണ്ടായില്ലെന്നും ആരോപണമുയരുന്നുണ്ട്. അതേ സമയം പഞ്ചായത്ത് മാത്രം വിചാരിച്ചാല്‍ ആനപ്പാറ റോഡിലെ കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് പ്രസിഡന്റ് ഹഫ്‌സത്ത് എഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
പൊതുമരാമത്ത് വിഭാഗത്തിന് പ്രശ്‌നങ്ങള്‍ വിശദമാക്കി കത്ത് നല്‍കിയിട്ടുണ്ട്. കാര്‍ഷിക ഫാമിന്റെ അധീനതയിലുള്ള തോട്ടിലേക്കായിരുന്നു മുമ്പ് മഴവെള്ളമടക്കം ഒഴുകി പോയിരുന്നത്. ഫാം അധികൃതര്‍ ഈ ഭാഗം അടച്ചതോടെയാണ് ടൗണിലെ മഴവെള്ളമടക്കം സ്വകാര്യവ്യക്തികളുടെ പറമ്പിലേക്കും മറ്റുമെത്തുന്നതെന്ന് വൈസ്പ്രസിഡന്റ് പറഞ്ഞു. ഫാം അധികൃതര്‍ സ്ഥലം അനുവദിക്കുകയാണെങ്കില്‍ പഞ്ചായത്തിന്റെ ചിലവില്‍ മലിനജലം സംസ്‌കരിക്കാനുള്ള സംവിധാനമൊരുക്കാമെന്നും വൈസ്പ്രസിഡന്റ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam