മാലമുത്തുകൾകൊണ്ടൊരുക്കിയ ​ഗാന്ധിജി, ​ഗൗരി പാർവ്വതിയുടെ 'ബ്ലാക്ക് ആന്റ് വൈറ്റ്' ചിത്രം

By Web TeamFirst Published Jan 26, 2021, 5:33 PM IST
Highlights

പിതാവ് ഷിബു ശിവന്‍ വരച്ച മഹാത്മാ ഗാന്ധിയുടെ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് മുത്തുകള്‍കൊണ്ട് രാഷ്ട്രപിതാവിന്റെ ചിത്രം ഒരുക്കാന്‍ തീരുമാനിച്ചത്...

ഇടുക്കി: മാല നിര്‍മ്മിക്കുന്ന മുത്തുകള്‍ ചേര്‍ത്ത് വെച്ച് രാഷ്ട്രപിതാവിന്റെ മനോഹരമായൊരു ചിത്രം തയ്യാറാക്കിയിരിക്കുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഗൗരി പാര്‍വ്വതി. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള അയ്യായിരത്തില്‍ പരം മുത്തുകളാണ് കൊച്ചു കലാകാരി ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. നൃത്തത്തിലും ചിത്ര രചനയിലും പാട്ടിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട് ഗൗരി പാര്‍വ്വതി. 

2018 ഏപ്രില്‍ 21ന് കൊടുങ്ങല്ലൂരില്‍ നടന്ന ദൈവദശകം മെഗാ മോഹിനിയാട്ടം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പരിശ്രമത്തിലെ പങ്കാളികളില്‍ ഒരാളിയിരുന്നു. ഇതുവരെ ആറ് സംഗീത ആല്‍ബങ്ങളില്‍  ഗൗരി പാടിയിട്ടുണ്ട്. ഗാനമേളകളിലേയും സ്ഥിരം സാനിധ്യമാണ്. ലോക് ഡൗണ്‍ കാലഘട്ടത്തില്‍ ബോട്ടില്‍ ആര്‍ട്ടിലും, ചിത്ര രചനയിലും, നൃത്തത്തിലൊമൊക്കെ ഗൗരി കൂടുതല്‍ സമയം ചെലവഴിച്ചു. 

പിതാവ് ഷിബു ശിവന്‍ വരച്ച മഹാത്മാ ഗാന്ധിയുടെ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് മുത്തുകള്‍കൊണ്ട് രാഷ്ട്രപിതാവിന്റെ ചിത്രം ഒരുക്കാന്‍ തീരുമാനിച്ചത്. ഗ്ലാസില്‍ ചിത്രം വരയ്ക്കുകയും കറുപ്പും വെളുപ്പും നിറങ്ങളിലുള്ള മുത്തുകള്‍ ചേര്‍ത്ത് മനോഹരമാക്കുകയും ചെയ്തു. മൂന്ന് ദിവസംകൊണ്ടാണ് ഗൗരി പാര്‍വ്വതി ചിത്രം പൂര്‍ത്തീകരിച്ചത്. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഈ മിടുക്കി സ്‌കൂളിന് സമ്മാനിയ്ക്കുന്നിതാനായാണ് റിപബ്ലിക് ദിനത്തോടനുബന്ധിച്ച് മഹാത്മാ​ഗാന്ധിയുടെ ചിത്രം ഒരുക്കിയത്.
 

click me!