
കോഴിക്കോട്: ജില്ലയിലേക്ക് മയക്കുമരുന്ന് എത്തുന്നതിന് നിരീക്ഷണം ശക്തമായതിന് തെളിവായി സമീപ കാലത്തെ അറസ്റ്റുകള്‍. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബീച്ചിലെ കോർപ്പറേഷൻ ഓഫീസിന് സമീപത്തു നിന്ന് മത്സ്യം കയറ്റുന്ന പിക്കപ്പ് വാനിൽ നിന്നും29 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. മലപ്പുറം ചെമ്മങ്കടവ് പെരുവൻ കുഴിയിൽ നിസാർ ബാബു (36) നല്ലളം സ്വദേശി അരീക്കാട് സഫ മൻസിൽ മുഹമദ് ഫർസാദ് (21) എന്നിവരെയാണ് പിടികൂടിയത്.
കോഴിക്കോട് ബീച്ചിൽ കോർപ്പറേഷൻ ഓഫീസിന് സമീപത്തു നിന്നാണ് പിക്കപ്പ് വാനിൽ നിന്ന് 29 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് , നാർക്കോട്ടിക്ക് ഷാഡോ ടീമും, ടൗൺ എസ്.ഐ എ.സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും വെള്ളയിൽ ഭാഗുത്തക്ക് വിൽപനക്കായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത കഞ്ചാവ് വാഹനത്തിൽ മത്സ്യം സൂക്ഷിക്കുന്ന പെട്ടികളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആർക്കും സംശയം തോന്നാത്ത വിധത്തിൽ വാഹനത്തിന്റെ മധ്യഭാഗത്ത് രണ്ട് പെട്ടികളിലായി കഞ്ചാവ് ഒളിപ്പിച്ച് അതിന് ചുറ്റും അൻപത് പെട്ടിയോളം മത്സ്യം നിറച്ചാണ് ആന്ധ്രയിൽ നിന്നും വാഹനം വന്നത്.
വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വരും പിടികൂടിയ കഞ്ചാവിന്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ. ഇ ബൈജു ഐ.പി.എസിന്റെ നിർദേശപ്രകാരം ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും, ടൗൺ പോലീസും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായ ഇവർക്ക് കഞ്ചാവ് നൽകിയവരെ പറ്റിയും ഇവർ ആർക്കെല്ലാമാണ് വിൽപന നടത്തുന്നതെന്നും ഇവരെ വിശദമായി ചോദ്യം ചെയ്ത് അന്വേഷണം നടത്തുമെന്നാണ് ടൗൺ ഇൻസ്പെക്ടർ . ബൈജു കെ ജോസ് വിശദമാക്കിയത്.
കോഴിക്കോട് ഭാഗത്തേക്ക് മത്സ്യം കൊണ്ട് വരുന്ന പിക്കപ്പ് വാനിൽ കഞ്ചാവ് കൊണ്ട് വരുന്നു എന്ന രഹസ്യ വിവരത്തിൽ രണ്ട് മാസത്തോളമായി ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് കോഴിക്കാട് ജില്ലയിലെ ബേപ്പൂർ, പുതിയാപ്പ , വെള്ളയിൽ ഹാർബറുകൾ കേന്ദ്രീകരിച്ച് അന്വേക്ഷണം നടത്തിയതിലാണ് വെള്ളയിൽ ഭാഗത്തേക്ക് മൽസ്യവുമായി വന്ന പിക്കപ്പ് വാനിൽ നിന്നും കഞ്ചാവ് പിടികൂടുന്നത്.
നേരത്തെ താമരശ്ശേരി ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിൽ എംഡിഎംഎയുമായി അഞ്ചുപേരാണ് പിടിയിലായത്. 17.920 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. അൽത്താഫ് സജീദ്, സഹോദരൻ അൽത്താഫ് ഷെരീഫ്, അതുൽ, ഷാനിദ്, അബ്ദുൽ റഷീദ് എന്നിവരാണ് പിടിയിലായത്. പ്രതി അൽത്താഫ് സജീദിന്റെ കാറിൽ നിന്ന് വിൽപനക്കായി പാക്ക് ചെയ്യുന്നതിനുള്ള കവറുകളും ഇലക്ട്രോണിക് ത്രാസുകളും താമരശ്ശേരി പൊലീസ് കണ്ടെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam