
അമ്പലപ്പുഴ: വീട്ടിൽ കഞ്ചാവ് ചെടി വളർത്തുകയും ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) അമ്പലപ്പുഴ പൊലീസും ചേർന്ന് പിടികൂടി. കരുമാടി വെളിംപറമ്പ് വീട്ടിൽ മിഥുൻ (39) ആണ് അറസ്റ്റിലായത്.
ഇയാൾ വീട്ടിൽ കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടത്തുന്നു എന്ന ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലും പരിസരത്തും പരിശോധന നടത്തി. വീടിനോട് ചേർന്ന് ചെടിച്ചട്ടിയിൽ വളർത്തിയ രണ്ട് അടി നീളമുള്ള കഞ്ചാവ് ചെടി പരിശോധനയിൽ കണ്ടെത്തി.
മിഥുനും സുഹൃത്തുക്കളും ഇവിടെ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ ബി യുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, അമ്പലപ്പുഴ ഡിവൈഎസ്പി കെഎൻ രാജേഷിന്റെ നേതൃത്വത്തിൽ ഐഎസ്എച്ച്ഓ പ്രതിഷ് കുമാർ, എസ്ഐ സണ്ണി, ജിഎസ്ഐ പ്രിൻസ്, സിപിഓമാരായ പാർവ്വതി, ജോസഫ് അബ്ദുൾ റൗഫ്, ജസിർ എന്നിവരാണ് പ്രതിയെയും കഞ്ചാവ് ചെടിയും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.