
കോട്ടയം: കോട്ടയം പ്ലാച്ചേരിയിലെ വനംവകുപ്പ് ഓഫീസിൽ കഞ്ചാവ് കൃഷി നടന്നെന്ന് റിപ്പോർട്ട് നൽകിയ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം. സഹപ്രവർത്തകരായ ജീവനക്കാരോടുള്ള പ്രതികാരം തീർക്കാൻ കെട്ടിച്ചമച്ചതാണ് റിപ്പോർട്ട് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആയിരുന്നു മൊഴിയെടുപ്പ്. ഇതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയനെതിരെ നടപടി ആവശ്യപ്പെട്ട് വനം വകുപ്പിലെ ഭരണാനുകൂല സംഘടനകളും രംഗത്തെത്തി.
കോട്ടയത്തെ വനം വകുപ്പ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് ചെടി വളർത്തിയെന്ന റിപ്പോർട്ട് നൽകിയത് ജയനായിരുന്നു. റിപ്പോർട്ട് നൽകിയ തീയതിയിലെ പൊരുത്തക്കേടുകളെ കുറിച്ചും റിപ്പോർട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പേര് മനപ്പൂർവ്വം കൂട്ടിച്ചേർത്തതാണോ എന്നത് അടക്കമുള്ള കാര്യങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥർ ജയനിൽ നിന്ന് വിശദാംശങ്ങൾ തേടി. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും തന്റെ മേൽ ഉദ്യോഗസ്ഥരിൽ പൂർണ വിശ്വാസമാണെന്നും ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ ജയൻ പ്രതികരിച്ചു.
കഞ്ചാവ് കൃഷി നടന്നതിന് തെളിവായി പ്ലാച്ചേരി സ്റ്റേഷന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചറും താനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം എന്ന പേരിൽ ജയൻ ഓഡിയോ ക്ലിപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാൽ ഈ ഓഡിയോ ക്ലിപ്പിന്റെ ആധികാരികത അന്വേഷണ സംഘം സ്ഥിരീകരിക്കാൻ തയ്യാറായില്ല. ഓഡിയോ ക്ലിപ്പിൽ ഉള്ളത് തന്റെ ശബ്ദമല്ലെന്നും കൃത്രിമമായി കെട്ടിച്ചമച്ച ഓഡിയോ ക്ലിപ്പ് ആണ് എന്നുമുള്ള വിശദീകരണമാണ് ഡെപ്യൂട്ടി ഫോറസ്റ്റ് ആർ അജയ് നൽകുന്നത്.
കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട ജയൻ നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള വനിതാ ജീവനക്കാർ മാസങ്ങളായി പ്ലാച്ചേരി സ്റ്റേഷനിൽ അല്ല ജോലി ചെയ്യുന്നത് എന്ന സൂചനയും അന്വേഷണ സംഘത്തിന് കിട്ടി. സഹപ്രവർത്തകരെ കുടുക്കാനായി ജയൻ വകുപ്പിനെതിരെ വ്യാജ റിപ്പോർട്ട് തയ്യാറാക്കി എന്നാരോപിച്ചാണ് വനം വകുപ്പിലെ സി പി ഐ അനുകൂല സംഘടനയായ കെ എസ് എഫ് പി എസ് ഒ അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെടുന്നത്. ഇതിനിടെ കേസിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ജയന്റെ ഭാര്യ മുഖ്യമന്ത്രിക്കും പരാതി നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam