
കോഴിക്കോട്: വിദ്യാർത്ഥികളെ വലയിലാക്കാൻ ലഹരി മിഠായി രൂപത്തിലും. കോഴിക്കോട് നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മിഠായി രൂപത്തിൽ കുട്ടികൾക്കിടയിൽ വിൽപ്പനക്ക് വെച്ച ലഹരി പിടികൂടിയത്.
ലഹരിയുമായി ബന്ധപ്പെട്ട് കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ് അനുദിനം പുറത്ത് വരുന്നത്. കഞ്ചാവ് മിഠായി രൂപത്തിൽ വിദ്യാർത്ഥികളെ വലയിലാക്കാനാണ് പുതിയ ശ്രമം. കോഴിക്കോട് നഗരത്തിലെ പൊറ്റമലിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ഉത്തര്‍ പ്രദേശ് സ്വദേശി ആകാശിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുപ്പത്തൊന്ന് മിഠായികള്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ഇത് തൊണ്ണൂറ്റിയാറ് ഗ്രാം തൂക്കം വരും. പെട്ടിക്കടയിലൂടെയാണ് വിൽപ്പന നടത്തിയത്. കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെയായിരുന്നു ലക്ഷ്യം. നിഷ്കളങ്കരായ കൊച്ചു വിദ്യാർത്ഥികളെ എളുപ്പം ലഹരിക്ക് അടിമകളാക്കാനുള്ള മാഫിയകളുടെ കുറുക്കുവഴിയാണ് കഞ്ചാവ് മിഠായി. സ്കൂൾ - കോളേജ് പ്രദേശങ്ങളിലെ ചില പെട്ടിക്കടകളും ചെറിയ കടകളിലുമായാണ് വിൽപ്പന.
ഉത്തരാഖണ്ഡിൽ നിന്നാണ് കഞ്ചാവ് മിഠായി സംസ്ഥാനത്ത് എത്തുന്നതെന്ന് എക്സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മൊത്തമായി എത്തിച്ച് വിവിധ കേന്ദ്രങ്ങളിൽ ചില്ലറ വിൽപ്പന നടത്തുകയാണ് രീതി. എക്സൈസ് വകുപ്പിൻ്റെ പ്രത്യേക പരിശോധനയായ ഓപ്പറേഷൻ ക്ലീൻ സ്ളേറ്റിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. ഇതിനിടെയാണ് കോഴിക്കോട് നിന്നും കഞ്ചാവ് മിഠായി പിടികൂടിയത്. ഇത്തരം ലഹരിയുടെ സാഹചര്യത്തില്‍ കുട്ടികളെ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്ന് എക്സൈസ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam