
ചാരുംമൂട്: താമരക്കുളം-ഓച്ചിറ റോഡിൽ ചത്തിയറയിൽ റോഡരികിൽ വ്യാപകമായി മാലിന്യം തള്ളി. ചത്തിയറ മൃഗാശുപത്രിക്ക് സമീപം മുതൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ ഇടവിട്ടാണ് പ്ലാസ്റ്റിക് ചാക്കുകളിലടക്കം മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രാത്രിയിൽ വാഹനത്തിൽ നിന്നും റോഡരികിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു.
ഭക്ഷണ, പച്ചക്കറി അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും പേപ്പറുകളും റോഡിലടക്കം ചിതറിക്കിടക്കുന്ന നിലയിലാണ്. ഉത്സവപ്പറമ്പുകളിൽ സ്റ്റാൾ കെട്ടി കച്ചവടം നടത്തുന്നവയുടെ അവശിഷ്ടങ്ങളാണ് അധികവുമുള്ളത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മാലിന്യത്തോടൊപ്പം ലഭിച്ച ബില്ലുകൾ നാട്ടുകാർ കൈമാറി. മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വിവരം അറിഞ്ഞ് ജനപ്രതിനിധികൾ സ്ഥലത്തെത്തി പോലീസിലും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി ജി മധു അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാദേവി, അംഗങ്ങളായ ജി വേണു, എസ് റീന എന്നിവരും സ്ഥലത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam