വട്ടവടയില്‍ വ്യത്യസ്തമായി കൃഷി വകുപ്പിന്‍റെ വെളുത്തുള്ളി പ്രദര്‍ശനം

By Web TeamFirst Published Sep 25, 2019, 8:55 AM IST
Highlights
  • വട്ടവട, കാന്തല്ലൂര്‍ മേഖലയില്‍ മാത്രം വിളയുന്ന അത്യധികം ഗുണമേന്മയേറിയ ഇനം വെളുത്തുള്ളിയാണ് മലപ്പൂണ്ട്
  • മലപ്പൂണ്ട് വെളുത്തുള്ളിയുടെ ഗുണമേന്മ ഇപ്പോള്‍ രാജ്യാന്തര തലത്തിലെത്തിക്കാന്‍ കൃഷി വകുപ്പ്
  • മലപ്പൂണ്ട് വെളുത്തുള്ളി  ഭൗമ സൂചികയില്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി
     

ഇടുക്കി: വെളുത്തുള്ളി കൊണ്ട് മാല, ബൊക്കെ അങ്ങനെ ഞെട്ടിക്കുന്ന പലവിധ സാധനങ്ങള്‍. ഇങ്ങനെ ഒരു കാഴ്ച ചിലപ്പോള്‍ പലര്‍ക്കും ആദ്യമായിരിക്കാം. എന്നാല്‍ വട്ടവടക്കാര്‍ക്ക് ഇത് അഭിമാനമാണ്. വട്ടവടയില്‍ നടന്ന കാര്‍ഷിക സമുച്ചയ ഉത്ഘാടനത്തോടനുബന്ധിച്ചു കൃഷിവകുപ്പാണ് വെളുത്തുള്ളി പ്രദര്‍ശനം നടത്തിയത്.

വട്ടവട, കാന്തല്ലൂര്‍ മേഖലയില്‍ മാത്രം വിളയുന്ന അത്യധികം ഗുണമേന്മയേറിയ ഇനം വെളുത്തുള്ളിയാണ് മലപ്പൂണ്ട്. വലിപ്പവും ഔഷധ ഗുണവുമാണ് മലപ്പൂണ്ടിന്റെ സവിശേഷത. മലപ്പൂണ്ട് വെളുത്തുള്ളിയുടെ ഗുണമേന്മ ഇപ്പോള്‍ രാജ്യാന്തര തലത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്.

ഈ വെളുത്തുള്ളി ഇനത്തെ ഭൗമ സൂചികയില്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാറും ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്ന കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. ജലജ എസ് മേനോനും അറിയിച്ചു. അതു സാധിച്ചാല്‍ മറയൂര്‍ ശര്‍ക്കരയ്ക്ക് പിന്നാലെ മൂന്നാര്‍ കാര്‍ഷിക മേഖലയില്‍ നിന്ന് ഭൗമ സൂചികയില്‍ ഇടം നേടുന്ന രണ്ടാമത്തെ കാര്‍ഷിക വിളയാകും മലപ്പൂണ്ട് വെളുത്തുള്ളി.

ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന മലപ്പൂണ്ട് എന്ന ഈ മലനാടന്‍ വെളുത്തുള്ളിക്ക് കിലോ 300 രൂപ വരെയാണ് വില. നാട്ടുകാരുടെ പൂര്‍ണമായ സഹകരണത്തോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി കൃഷി വകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്ന് ഈ വെളുത്തുള്ളി ഇനത്തിന്‍റെ ഗുണമേ•യെപ്പറ്റി ഗവേഷണം നടത്തിവരികയാണ്.

click me!