
കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയില്‍ സമ്മാന കൂപ്പൺ വിവാദം. കൗണ്‍സിലര്‍മാര്‍ക്ക് നല്‍കാന്‍ എന്ന പേരില്‍ രണ്ടര ലക്ഷം രൂപയുടെ സമ്മാന കൂപ്പൺ നഗരസഭാ വൈസ് ചെയര്‍മാൻ കൈപ്പറ്റിയതാണ് വിവാദമായത്. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ നേരത്തെ നടന്ന പണക്കിഴി അഴിമതിപോലുള്ള അഴിമതിയാണ് ഇതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ച് കഴിഞ്ഞു.
ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് നഗരസഭാ വൈസ് ചെയര്‍മാൻ പി എം യൂനസ് നഗരസഭയുടെ ഇടപാടുള്ള ബാങ്കില്‍ നിന്ന് സമ്മാന ക്കൂപ്പണ്‍ വാങ്ങിയത്. എല്ലാ കൗൺസിലര്‍മാര്‍ക്കും നല്‍കുന്നതിന് വേണ്ടി എന്നു പറഞ്ഞാണ് ബാങ്കിന്‍റ പൊതു നന്മ ഫണ്ടില്‍ നിന്ന് 5000 രൂപ വില വരുന്ന 50 സമ്മാനക്കൂപ്പൺ വൈസ് ചെയര്‍മാൻ വാങ്ങിയത്. വൈസ് ചെയര്‍മാൻ കൂപ്പണ്‍ വാങ്ങിയത് അറിഞ്ഞില്ലെന്ന് പറഞ്ഞ് നഗരസഭാ ചെയര്‍പേഴ്സൻ രാധാമണി പിള്ള വിഷയത്തില്‍ കൈമലര്‍ത്തിയിട്ടുണ്ട്.
ചില കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും സ്വതന്ത്ര അംഗങ്ങള്‍ക്കും സമ്മാന കൂപ്പണ്‍ കിട്ടിയിട്ടുണ്ട്. പ്രതിപക്ഷമായ ഇടതുപക്ഷത്തെ ആരും കൂപ്പണ്‍ വാങ്ങിച്ചിട്ടില്ല. നേരത്തെ ഓണക്കിറ്റിനൊപ്പം കൗൺസിലര്‍മാര്‍ക്ക് പതിനായിരം രൂപയുടെ പണക്കിഴി നല്‍കിയതില്‍ തൃക്കാക്കര നഗരസഭ ഭരണ സമിതി ഏറെ വിമര്‍ശിക്കപെട്ടിരുന്നു. ഇതില്‍ അന്നത്തെ നഗരസഭാ അധ്യക്ഷക്കെതിരെ വിജിലൻസ് കേസും എടുത്തിരുന്നു. എല്ലാവര്‍ക്കും കൊടുക്കാനാണ് സമ്മാന കൂപ്പൺ കഷ്ടപെട്ട് സംഘടിപ്പിച്ചതെന്നും ഓരോരുത്തര്‍ക്കായി കൊടുത്തുവരുന്നതിനിടെ തന്നെ വിവാദമാവുകയായിരുന്നുവെന്നുമാണ് വൈസ് ചെയര്‍മാൻ പി എം യൂനുസിന്‍റെ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...