മകള്‍ക്ക് വയറുനിറയുന്നില്ല; നെഞ്ചുപൊട്ടി ഒരമ്മയും ഒരച്ഛനും

By Web TeamFirst Published Nov 2, 2018, 6:58 PM IST
Highlights

മകളെ രക്ഷപെടുത്താനുള്ള പരിശ്രമത്തിനിടെ ആറുവർഷം മുന്‍പ് തലച്ചോറില്‍ രക്തസ്രാവമുണ്ടായി വീണുപോയതാണ് അച്ഛന്‍ ബിജു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഏറെ കാലം അബോധാവസ്ഥയിലായിരുന്നു. 

തൃശൂര്‍: പകലും രാത്രിയെന്നൊന്നുമില്ലാതെ മകള്‍ വിശന്ന് കരയുമ്പോള്‍ ഈ അമ്മയുടെ നെഞ്ചുപൊട്ടുകയാണ്.  വിശപ്പടക്കി അമ്മയും അച്ഛനും  മകളെ എത്ര ഊട്ടിയാലും ഈ മകളുടെ വിശപ്പിന് അതുപോര. അമിതവിശപ്പിന്‍റെ അസുഖത്താല്‍ ദുരിതമനുഭവിക്കുന്നത് പതിനാലുകാരിയായ ഗോപികയാണ്. പൊന്നാനിക്കടുത്ത് എരമംഗലം ചെരിവുകലയില്‍ ബിന്ദുവിന്‍റെയും ബിജുവിന്‍റെയും മകളാണ് ഗോപിക. 

രണ്ടാംവയസിലാണ് ഗോപികയ്ക്ക് ഈയവസ്ഥ തുടങ്ങുന്നത്. പതിനാലുകാരിയായ ഗോപികയ്ക്ക് ഇപ്പോള്‍ 115 കിലോഗ്രാം ഭാരമുണ്ട്. ഓട്ടിസത്തിന്‍റെ അസ്വസ്ഥതകള്‍ കാണിച്ചുതുടങ്ങിയ ഗോപികയുടെ ശരീരത്തിന്‍റെ പലഭാഗത്തും മുറിവുകളുമുണ്ട്. സ്കൂളില്‍ പോകാന്‍ കഴിയാത്ത ഗോപികയ്ക്ക് സാധ്യമായ സഹായെത്തിക്കുന്നത് പൊന്നാനി യുആര്‍സിയിലെ ഐഇഡിസി റിസോഴ്സ് പേഴ്സണ്‍ പ്രീതയുടെ നേതൃത്വത്തിലാണ്. മകളെ രക്ഷപെടുത്താനുള്ള പരിശ്രമത്തിനിടെ ആറുവർഷം മുന്‍പ് തലച്ചോറില്‍ രക്തസ്രാവമുണ്ടായി വീണുപോയതാണ് അച്ഛന്‍ ബിജു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഏറെ കാലം അബോധാവസ്ഥയിലായിരുന്നു. പിന്നീട് എഴുന്നേറ്റ് നടക്കാവുന്ന സ്ഥിതിയിലെത്തിയപ്പോള്‍ ലോട്ടറി വില്‍പ്പനയ്ക്കിറങ്ങി. വഴിയില്‍ തലകറങ്ങി വീഴുന്നത് പതിവായതോടെ അതുനിര്‍ത്തേണ്ടി വന്നു.

200 രൂപ ദിവസവാടക നല്‍കി ഒരു ഓട്ടോ ഓടിക്കുകയാണ് ബിജു.  ഗോപികയുടെ ചികിത്സയ്ക്കായി ആലപ്പുഴയിലുണ്ടായിരുന്ന വീട് വിറ്റതോടെ സൌകര്യമൊന്നുമില്ലാത്ത ഒറ്റമുറി വീട്ടിലേക്ക് കുടുംബം മാറി. എന്നാല്‍ ഇപ്പോള്‍ താമസിക്കുന്ന ഈ ഒറ്റമുറി വാടക വീടും വൈകാതെ ബിജുവിനും കുടുംബത്തിനും ഉപേക്ഷിക്കേണ്ടി വരും.  വൃത്തിയും സുരക്ഷിതവുമുള്ള മൂന്നു സെന്‍റിലോ മറ്റോ നിര്‍മ്മിച്ച ഒരു കൊച്ചു കൂര പോലും ഈ കുടുംബത്തിന്‍റെ സ്വപ്നങ്ങള്‍ക്കും ഏറെ അകലെയാണ്.  ഇനി ഗോപികയ്ക്കും കുടുംബത്തിനും താങ്ങാകാനും ഈ കുടുംബത്തിന്‍റെ ദുരിതത്തില്‍ നിന്നും മോചനം നേടാനും സുമനസുകള്‍ കനിഞ്ഞേ തീരൂ. നന്മയുള്ളവരില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഇവര്‍.

ബാങ്ക് അക്കൗണ്ട്: 4270001700030255
ifsc code- PUNB 0427000 Eramangalam 
ഫോണ്‍ - 9895203820.

click me!