സ്ഥിരമായി എനർജി ഡ്രിങ്ക് ഉപയോഗിക്കുന്ന അൻസിലിന് യുവതി കളനാശിനി നൽകിയത് റെഡ് ബുള്ളിൽ

Published : Aug 07, 2025, 12:54 AM IST
ansil murder

Synopsis

സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന അൻസിലിനായി യുവതി റെഡ് ബുൾ വാങ്ങി സൂക്ഷിക്കുകയായിരുന്നു

കോതമംഗലം:കോതമംഗലം അന്‍സില്‍ കൊലപാതകക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. കൊലപാതകവും ആസൂത്രണവും യുവതി തനിച്ചാണ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസുളളത്. തെളിവെടുപ്പ് പൂർത്തിയായതോടെ യുവതിയെ റിമാൻഡ് ചെയ്തു.

ടിപ്പർ ഡ്രൈവറായ അൻസിലും പ്രതിയായ യുവതിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ബന്ധത്തിൽനിന്നു പിന്മാറാൻ യുവതി ശ്രമിച്ചെങ്കിലും അൻസിൽ തയാറായില്ല. ഇതോടെയായിരുന്നു കൊല്ലാനുള്ള തീരുമാനം യുവതി സ്വീകരിച്ചത്. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന അൻസിലിനായി യുവതി റെഡ് ബുൾ വാങ്ങി സൂക്ഷിച്ചു. ഇന്നത്തെ തെളിവെടുപ്പിൽ വീട്ടിൽ നിന്ന് പൊലീസ് എനർജി ഡ്രിങ്ക് ക്യാനുകൾ കണ്ടെടുത്തു. വിഷം നല്‍കുന്നതിന് ഒരു മാസം മുന്‍പ് തന്നെ കോതമംഗലം ചെറിയ പള്ളിത്താഴത്തുള്ള വളക്കടയില്‍ നിന്ന് കളനാശിനി വാങ്ങി.

ഒരു ലിറ്ററിന്‍റെ കളനാശിനിക്ക് ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയത്. കളനാശിനി വാങ്ങിയ കടയില്‍ ഉള്ളവര്‍ യുവതിയെ തിരിച്ചറിഞ്ഞു. ജൂലൈ 30ന് പുലർച്ചെ നാലിന് വീട്ടിലെത്തിയ അൻസിലിന് എനർജി ഡ്രിങ്കിൽ കളനാശിനി കലക്കി നൽകി. അരമണിക്കൂറിനകം കുഴഞ്ഞുവീണ അൻസിൽ പൊലീസിനെ ഫോണിൽ വിളിച്ചു. ഇതുകണ്ട യുവതി ഫോൺ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് എറിഞ്ഞു.

പിന്നീട് പൊലീസിനെയും അൻസിലിന്റെ ബന്ധുക്കളെയും യുവതി തന്നെ വിളിച്ചു. പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി അവൾ എന്നെ ചതിച്ചു എന്ന് അൻസിൽ പറഞ്ഞതാണ് മരണമൊഴി. ഏറെനാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊലപാതകമെങ്കിലും മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കളനാശിനി വാങ്ങിയ കടയിലും വീട്ടിലും എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായതോടെ ഇന്നു വീണ്ടും റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു