
കൊല്ലം: ജൂലൈ ആദ്യ വാരത്തിൽ കൊല്ലം സിറ്റിയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസിൽ രണ്ടാമത്തെയാൾ പിടിയിൽ. ഈ വർഷം കൊല്ലം ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയിൽ ഗർഭനിരോധന ഉറകളിൽ നിറച്ച് മലദ്വാരത്തിൽ വച്ച് കടത്തിയ 107 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഈ കേസിലെ രണ്ടാം പ്രതിയാണ് നിലവിൽ അറസ്റ്റിലായത്.
ഇരവിപുരം ഉദയതാര നഗർ സ്വദേശി സക്കീർ ഹുസൈൻ ആണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് ബെംഗളൂരുവിൽ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടാളിയായ തട്ടാമല സ്വദേശി അജ്മൽ ഷായെ ആണ് നേരത്തെ പിടികൂടിയത്. ഗർഭനിരോധന ഉറകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ എംഡിഎംഎ കടത്തിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ പ്രതിയായ സക്കീർ ഹുസൈനെ കുറിച്ച് വിവരം ലഭിച്ചത്. പ്രതി ബെംഗളൂരുവിലാണെന്നും മനസിലാക്കാൻ സാധിച്ചത്. അജ്മൽ ഷാ പിടിയിലായത് അറിഞ്ഞ് സക്കീർ ഹുസൈൻ ഒളിവിൽ പോവുകയായിരുന്നു. അജ്മൽ ഷായുമായി ബെംഗളൂരുവിൽ എത്തിയാണ് തന്ത്രപരമായ നീക്കത്തിലൂടെ സക്കീർ ഹുസൈനെ പിടികൂടിയത്. കൊല്ലത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ലഹരി കടത്ത് ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പൊലീസും ചേർന്നാണ് അജ്മൽ ഷായെ പിടികൂടിയത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഈ വർഷത്തെ ഏറ്റവും വലിയ രാസ ലഹരിക്കടത്ത് പിടികൂടിയത്. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച് സ്കാനിങ് നടത്തിയപ്പോഴാണ് രണ്ട് ഗർഭനിരോധന ഉറകളിലായി എംഡിഎംഎ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം