ബോട്ടിൽ ആ‍ർട്ടിലൂടെ റെക്കോ‍ഡ് നേട്ടവുമായി നിയമവിദ്യാ‍ർത്ഥി, 65 കുപ്പികളിൽ വിസ്മയം തീർത്തത് ആറ് മണിക്കൂറുകൊണ്ട്

By Web TeamFirst Published Jun 10, 2021, 2:19 PM IST
Highlights

ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, ഏഷ്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, ഇന്റര്‍നാഷണല്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌ എന്നിവയാണ്‌ സൂര്യപുത്രിയെ തേടിയെത്തിയ റെക്കോര്‍ഡുകള്‍...

ആലപ്പുഴ :  ആറു മണിക്കൂര്‍ കൊണ്ട്‌ 65 കുപ്പികളില്‍ ചിത്രരചന നടത്തി മൂന്ന് റെക്കോര്‍ഡ്‌ സ്വന്തമാക്കി നിയമവിദ്യാ‍ർത്ഥി. ചിത്ര രചന അഭ്യസിക്കാതെ തന്നെ മദ്യക്കുപ്പികളിൽ ചിത്രം വരച്ചുകൊണ്ടാണ് കീരിക്കാട്‌ തെക്ക്‌ മൂലേശേരില്‍ കൊച്ചുചാലില്‍ ഉദയന്‍-പ്രീത ദമ്പതികളുടെ മകളായ സൂര്യപുത്രി റെക്കോ‍ർഡ് നേട്ടത്തിലേക്ക് നടന്നു കയറിയത്‌. ബോട്ടില്‍ ആര്‍ട്ടില്‍ വിസ്‌മയമായിരിക്കുകയാണ്‌ ഈ നിയമ വിദ്യാര്‍ഥിനി. 

ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, ഏഷ്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, ഇന്റര്‍നാഷണല്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌ എന്നിവയാണ്‌
സൂര്യപുത്രിയെ തേടിയെത്തിയ റെക്കോര്‍ഡുകള്‍. ഏഷ്യന്‍ റെക്കോര്‍ഡിന്റെ ഗ്രാന്‍ഡ്‌ മാസ്‌റ്റര്‍ പദവിയും ലഭിച്ചു. ഒരു ബോട്ടില്‍ ആര്‍ട്ട്‌ ചെയ്യാന്‍ കുറഞ്ഞത്‌ രണ്ടു മണിക്കൂര്‍ വേണം. എന്നാല്‍ ആറു മണിക്കൂര്‍ കൊണ്ട്‌ 65 കുപ്പികള്‍ ഡിസൈന്‍ ചെയ്‌തായിരുന്നു റെക്കോര്‍ഡിലേക്ക്‌ എത്തപ്പെട്ടത്‌. കറുപ്പും വെള്ളയും ചായങ്ങള്‍ മാത്രം ഉപയോഗിച്ചാണ്‌ കുപ്പികള്‍ ഡിസൈന്‍ ചെയ്‌തിട്ടുള്ളത്‌. ബോട്ടില്‍ ആര്‍ട്ടിന്‌ പുറമെ സ്‌റ്റെന്‍സില്‍, സെന്റാങ്കില്‍, പെന്‍സില്‍, എന്നിവയും ഡൂഡില്‍ ആര്‍ട്ടും സൂര്യപുത്രിയ്‌ക്ക്‌ വശമുണ്ട്‌. കവിതാരചനയിലും നൃത്തത്തിലും പ്രാവീണ്യവും തെളിയിച്ചിട്ടുണ്ട്‌. 

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ അക്രലിക്ക്‌ എക്‌സ്‌റ്റീരിയര്‍ എമൾഷന്‍ പെയിന്റ്‌ ഉപയോഗിച്ചാണ്‌ ഡിസൈനുകള്‍ ചെയ്‌തിട്ടുള്ളത്‌. ബഹുമതി സൂചകമായി മെഡല്‍, സര്‍ട്ടിഫിക്കറ്റ്‌, ബാഡ്‌ജ്‌ എന്നിവ ലഭിച്ചു. ലോക്ക്‌ഡൗണ്‍ സമയത്ത്‌ വളരെ പരിശ്രമിച്ചാണ്‌ ആവശ്യമായ കുപ്പികള്‍ ശേഖരിച്ചിട്ടുള്ളത്‌. രണ്ടു ദിവസം കൊണ്ട്‌ 130 കുപ്പികളാണ്‌ സുഹൃത്തുക്കളുടെ സഹായത്തോടെ ശേഖരിച്ചത്‌. ഉപയോഗശൂന്യമായി വലിച്ചെറിയപ്പെട്ട മദ്യക്കുപ്പികളാണ്‌ റെക്കോര്‍ഡുകള്‍ നേടാന്‍ സഹായമായത്‌. 

റെക്കോര്‍ഡുകള്‍ക്കായി അപേക്ഷ അയക്കുമ്പോഴും മൂന്നു റെക്കോര്‍ഡുകള്‍ തന്നെ തേടിയെത്തുമെന്ന്‌ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല ഈ കലാകാരി. അപേക്ഷയ്‌ക്ക്‌ അംഗീകാരം കിട്ടിയ ശേഷം ഏഴു ദിവസത്തിനുള്ളില്‍ റെക്കോര്‍ഡിനായി തയാറെടുപ്പ്‌ നടത്തണമെന്നായിരുന്നു നിയമം. രണ്ടു ദിവസം ബോട്ടില്‍ ശേഖരിക്കാനും രണ്ടു ദിവസം അവ വൃത്തിയാക്കാനും വേണ്ടി വന്നു. മറ്റാരുടെയും സഹായമില്ലാതെ ആവശ്യമായ എല്ലാ കാര്യങ്ങളും ഒറ്റയ്‌ക്ക്‌ ചെയ്‌തു തീര്‍ത്തു. 

വീട്‌ നിര്‍മാണം കഴിഞ്ഞ്‌ ബാക്കിയായ പെയിന്റ്‌ നഷ്‌ടപ്പെടുത്തേണ്ടെന്ന ചിന്തയാണ്‌ ബോട്ടില്‍ ആര്‍ട്ട്‌ ചെയ്യാന്‍ പ്രചോദനമായത്‌. ഡൂഡില്‍ ആര്‍ട്ട്‌, വാര്‍ളി ആര്‍ട്ട്‌, സ്‌റ്റെന്‍സില്‍ ആര്‍ട്ട്‌, ഫ്‌ലോറല്‍ ആര്‍ട്ട്‌ എന്നിവയാണ്‌ കുപ്പികളെ മനോഹരമാക്കിയത്‌. ഒപ്പം ഇന്ത്യയുടെയും കേരളത്തിന്റെയും ഭൂപടവും താജ്‌മഹലിന്റെ രൂപവും സ്‌റ്റെന്‍സില്‍ മുഖേന കുപ്പികളില്‍ വരച്ചു തീര്‍ത്തു. ഉപയോഗ ശേഷം കുപ്പികള്‍ പൊതുനിരത്തുകളിലും മറ്റും വലിച്ചെറിയരുതെന്നുള്ള ഓര്‍മപ്പെടുത്തലിനൊപ്പം തന്നെ പല രീതിയിലും പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ്‌ ഈ റെക്കോര്‍ഡുകള്‍ എന്ന്‌ സൂര്യപുത്രി പറഞ്ഞു. ചിത്രകലയില്‍ പരിജ്‌ഞാനം നേടാതെ മൂന്നു റെക്കോര്‍ഡുകള്‍ സ്വന്തം പരിശ്രമം കൊണ്ടു മാത്രമാണ്‌ ഈ നിയമ വിദ്യാര്‍ഥിനി നേടിയെടുത്തത്‌.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!