പി ജയരാജനെ മഹത്വവത്കരിച്ച് ഉത്സവപ്പറമ്പില്‍ മ്യൂസിക്ക് ഫ്യൂഷന്‍; വൈറലായി വിവാദം

By Web TeamFirst Published Feb 8, 2020, 6:05 PM IST
Highlights

പി ജയരാജൻ തന്നെ പ്രകാശനം ചെയ്ത ഈ സംഗീത ആൽബമാണ് പിന്നീട് മഹത്വവൽക്കരണമെന്ന് പാർട്ടി കണ്ടെത്തി വിമർശനമുണ്ടായത്. പിന്നാലെ, തന്നെ വാഴ്ത്തിയുള്ള ബോർഡുകളടക്കം ഇത്തരം പ്രചാരണങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ ആഹ്വാനം ചെയ്ത് പി ജയരാജൻ തന്നെ രംഗത്തെത്തിയിരുന്നു. 
 

കണ്ണൂര്‍: പി ജയരാജനെ മഹത്വവൽക്കരിക്കുന്നുവെന്ന പേരിൽ വിവാദമായ സംഗീത ശിൽപ്പത്തിന്റെ വയലിൻ ഫ്യൂഷൻ കണ്ണൂരിലെ ഉത്സവപ്പറമ്പുകളിലും സോഷ്യൽ മീഡിയിലും വൈറലായി പടരുകയാണ്.  കൂത്തുപറമ്പ് പഴയനിരത്തിലെ ഉത്സവക്കാഴ്ച്ചക്കിടെ അവതരിപ്പിച്ച കണ്ണൂരിൻ താരകമല്ലോ എന്ന പാട്ടിന്റെ വയലിൻ ആവിഷ്കാരമാണ് ചർച്ചയാകുന്നത്.  പാർട്ടിയണികളും അനുഭാവികളും വരെ ഷെയർ ചെയ്യുമ്പോഴും സംഭവത്തിൽ തൽക്കാലം പ്രതികരിക്കാനില്ലെന്നാണ് പാർട്ടിയുടെയും പി ജയരാജന്റെ നിലപാട്.

പി ജയരാജൻ തന്നെ പ്രകാശനം ചെയ്ത ഈ സംഗീത ആൽബമാണ് പിന്നീട് മഹത്വവൽക്കരണമെന്ന് പാർട്ടി കണ്ടെത്തി വിമർശനമുണ്ടായത്. പിന്നാലെ, തന്നെ വാഴ്ത്തിയുള്ള ബോർഡുകളടക്കം ഇത്തരം പ്രചാരണങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ ആഹ്വാനം ചെയ്ത് പി ജയരാജൻ തന്നെ രംഗത്തെത്തിയിരുന്നു. 

"

കൂത്തുപറമ്പ് പഴയ നിരത്തിൽ കഴിഞ്ഞ ആഴ്ച നടന്ന ഇതേപാട്ടിന്‍റെ ഈണത്തിലുള്ള വയലിൻ ഫ്യൂഷൻ ആവിഷ്കാരം.  ഉത്സവത്തിന്റെ കാഴ്ച്ച വരവിൽ നിന്ന് ഇത് സോഷ്യൽ മീഡിയയിലേക്കും പടർന്നു.  പാർട്ടിയനുഭാവമുള്ള പ്രൊഫൈലുകൾ ജയരാജന്റെ ജനകീയതയെ വാഴ്ത്തിയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജയരാജന്‍റെ മകനും ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.  സംഭവത്തിൽ പ്രതികരണമാരാഞ്ഞെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു ജയരാജന്‍റെ മറുപടി.  സിപിഎം ജില്ലാ സെക്രട്ടറിയും പ്രതികരിച്ചില്ല.  വ്യക്താരാധനയും സ്വയം മഹത്വവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിൽ പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾക്കാണ് പി ജയരാജന്  വിധേയനാവേണ്ടി വന്നത്. അതേസമയം സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം പാർട്ടി ചട്ടക്കൂടുകൾക്ക് പുറത്ത് ജയരാജന്‍റെ വ്യക്തിപ്രഭാവം പടരുകയുമാണ്.

click me!