സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഓടിയ തമിഴ്‌നാട് സ്വദേശിനികളെ, നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടിച്ചു

By Web TeamFirst Published Apr 19, 2019, 3:28 PM IST
Highlights


ഡോക്ടറെ കാണാന്‍ ക്യൂ നിന്നിരുന്ന, തണ്ണീര്‍മുക്കം മീനാക്ഷി മന്ദിരത്തില്‍ സരസ്വതിയുടെ ഒന്നേകാല്‍ പവന്റെ സ്വര്‍ണ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. 


ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഒ പി വിഭാഗത്തില്‍ ക്യൂ നിന്നിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഓടിയ തമിഴ്‌നാട് സ്വദേശിനികളെ, നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. തമിഴ്‌നാട് വില്ലുപുരം താമര കോളനിയില്‍ അനുസി (29), യാലിനി (28)  എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്തേമുക്കാലോടെ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഒപിയ്ക്ക് മുമ്പിലായിരുന്നു സംഭവം. 

ഡോക്ടറെ കാണാന്‍ ക്യൂ നിന്നിരുന്ന, തണ്ണീര്‍മുക്കം മീനാക്ഷി മന്ദിരത്തില്‍ സരസ്വതിയുടെ ഒന്നേകാല്‍ പവന്റെ സ്വര്‍ണ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. മാലയുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ, ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരും ഓട്ടോക്കാരും മറ്റും പിന്‍തുടര്‍ന്നു. ഇതിനിടെ വിവരമറിഞ്ഞ് ചേര്‍ത്തല പൊലീസും സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. 

ഇവര്‍ സംഘം ചേര്‍ന്നാണ് മോഷണം നടത്തുന്നതെന്നും സംഘത്തിലെ മറ്റംഗങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ചേര്‍ത്തല പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീകുമാര്‍ പറഞ്ഞു. തിരക്കുള്ള ബസുകളിലും പ്രധാന ക്ഷേത്രങ്ങളിലും ആശുപത്രികളിലും എത്തുന്ന സ്ത്രീകളുടെ മാല തന്ത്രപൂര്‍വ്വം പൊട്ടിച്ചെടുക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

click me!