
ചേര്‍ത്തല: ചേര്‍ത്തലയില്‍ ചുഴലിക്കാറ്റ് അക്ഷരാര്‍ത്ഥത്തില്‍ താണ്ടവമാടി. ചെങ്ങണ്ട, ഓംകാരേശ്വരം പ്രദേശങ്ങളില്‍ വേനല്‍മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വ്യാപകനാശം. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഓടിക്കൊണ്ടിരുന്ന ലോറിയിലും വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിലും മരംവീണു. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായി നിലച്ചു.
പ്രധാന റോഡുകളില്‍ കൂറ്റന്‍ മരങ്ങള്‍ വീണതിനാല്‍ വാഹനഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച (ഇന്നലെ ) വൈകിട്ട് അഞ്ച് മണിയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഏതാനും മിനിട്ടുകള്‍ നീണ്ടുനിന്ന കാറ്റില്‍ റോഡുവക്കത്തേയും വ്യക്തികളുടെ പുരയിടങ്ങളിലേയും കൂറ്റന്‍ മരങ്ങള്‍ ഉള്‍പ്പെടെ കടപുഴകിയും ഒടിഞ്ഞും നിലംപൊത്തി. പകല്‍ നേരമായതിനാല്‍ ആളുകള്‍ക്ക് ഓടിരക്ഷപെടാനായി. മുനിസിപ്പാലിറ്റിയിലെ ആറ്, ഏഴ് വാര്‍ഡുകളിലാണ് ഏറേയും നാശം നേരിട്ടത്. അഞ്ചാം വാര്‍ഡില്‍ ചെറിയതോതില്‍ നാശമുണ്ടായി.
ചെങ്ങണ്ട വളവിന് തെക്കുഭാഗത്തെ റോഡുവക്കിലെ രണ്ട് കൂറ്റന്‍ മരങ്ങള്‍ നിലംപൊത്തി. ഇതോടെ ചെങ്ങണ്ട-കാളികുളം റോഡില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ ഓങ്കാരേശ്വരത്ത് ഓട്ടത്തിനിടെ ചരക്കുലോറിയില്‍ മരം വീണതോടെ അവിടെയും ഗതാഗതം മുടങ്ങി. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചെങ്ങണ്ട വളവിന് തെക്ക് മുനിസിപ്പല്‍ ഏഴാം വാര്‍ഡില്‍ പട്ടരുവീട്ടില്‍ സുധീറിന്റെ ഉടമസ്ഥതയിലുള്ള സിയാസ് കാര്‍ പോളിഷ് വര്‍ക്ക്‌ഷോപ്പില്‍ കിടന്ന ഇന്നോവ കാറിന് മുകളിലും കൂറ്റന്‍ മരം പതിച്ചു. കാറിനുള്ളില്‍ ഉണ്ടായിരുന്നയാള്‍ ഓടിരക്ഷപെട്ടു.
സമീപത്ത് പട്ടരുവീട്ടില്‍ പി കെ രാജപ്പന്റെ ഉടസ്ഥതയിലെ കയര്‍ഫാക്ടറിക്ക് മുകളിലും മരങ്ങള്‍ വീണു. ഏഴാം വാര്‍ഡില്‍ സത്യാലയം കെ ജി ശരത് ചന്ദ്രന്റെ പോളിഹൗസില്‍ മരം വീണ് പച്ചക്കറി കൃഷി നശിച്ചു. പട്ടരുവീട്ടില്‍ സതീശന്റെ മൂന്നൂറില്‍പ്പരം വാഴകളുള്ള തോട്ടവും നശിച്ചു. ഏഴാം വാര്‍ഡില്‍ അനീഷാലയം രാജമ്മ, അരുണ്‍നിവാസില്‍ അപ്പുക്കുട്ടന്‍, തൈവളപ്പില്‍ സുഭാഷ്, സത്യാലയത്തില്‍ ശരത്ചന്ദ്രന്‍, പത്മാലയത്തില്‍ വിശ്വനാഥന്‍, വെളിയില്‍ കരുണാകരന്‍, പത്മാലയത്തില്‍ രാജു, വെളിയില്‍ ശശി, കൂടവത്തുപറമ്പ് മായ, കണിച്ചുകാട് സതീശാന്‍, പരിവക്കാത്തറ സുമേഷ്, വെളിമ്പറത്ത് ശിവപ്രസാദ്, അഞ്ചാം വാര്‍ഡ് ദൈവത്തിങ്കല്‍ മോഹനന്‍ തുടങ്ങിയവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചില വീടുകളുടെ മേല്‍ക്കൂരകളും കാറ്റില്‍ പറന്നു. നാശനഷ്ടം കണക്കാക്കിവരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam