
കോഴിക്കോട്: കുറ്റ്യാടി സർക്കാർ ആശുപത്രിയിൽ ഒപി ടിക്കറ്റിനായി ക്യൂ നിന്ന സ്ത്രീയുടെ സ്വർണമാല യുവതികൾ കവർന്നു. രണ്ട് യുവതികളാണ് തിരക്കിനിടയിൽ മുട്ടിയുരുമ്മി നിന്ന ശേഷം വസ്ത്രത്തിന്റെ മറവിലൂടെ കൈയ്യെത്തിച്ച് സ്വർണമാല കവർന്നത്. കാരങ്കോട്ട് ലീല എന്ന രോഗിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയാണ് നഷ്ടമായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. ലീലയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തു. എന്നാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മാസ്ക് ധരിച്ച മോഷ്ടാക്കൾ ക്യാമറയിൽ മുഖം പതിയാത്ത രീതിയിൽ നിന്നാണ് മാല മോഷ്ടിച്ചത്.