
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കിലോ സ്വർണ്ണം പിടികൂടി. വിമാനത്താവള ജീവനക്കാരുൾപ്പെടെ ആറുപേരെ റവന്യൂ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തു. ദുബായിൽ നിന്നും രാവിലെ നെടുമ്പാശേരിയിലെത്തിയ തിരുവനന്തപുരം വാമനപുരം സ്വദേശി നജീബിനെയാണ് അര കിലോ തൂക്കമുള്ള നാല് സ്വർണ്ണ ബിസ്ക്കറ്റുകളുമായി ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്.
നജീബ് വിമാനത്തിൽ നിന്നിറങ്ങി എമിഗ്രേഷൻ ഭാഗത്തുള്ള പുകവലി മുറിയിലേക്ക് പോവുകയായിരുന്നു. അവിടെ വച്ച് ഗ്രൗണ്ട് ഹാന്‍റ്ലിങ് വിഭാഗത്തിലെ ഡ്രൈവർമാരായ പി.എൻ മിഥുനും അമൽ ഭാസിക്കും സ്വർണ്ണ ബിസ്ക്കറ്റുകൾ കൈമാറുന്നതിനിടെയാണ് ഡിആർഐ സംഘം മൂവരെയും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ സ്വർണ്ണം വാങ്ങാനായി മൂന്ന് ഇടനിലക്കാർ വിമാനത്താവളത്തിന് പുറത്ത് നിൽപ്പുണ്ടെന്ന് വിവരം ലഭിച്ചു.
തുടർന്ന് ഡിആർഐ സംഘം സ്വർണ്ണം കൈമാറാനെന്ന വ്യാജേന ഇവരെ ഫോണിൽ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശ്ശൂർ സ്വദേശികളായ അസീസ്, രാഹുൽ, ജയകൃഷ്ണൻ എന്നീ ഇടനിലക്കാരാണ് പിടിയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam