കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; കാസർകോട് സ്വദേശി പിടിയിൽ

Published : Oct 19, 2019, 08:23 PM IST
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; കാസർകോട് സ്വദേശി പിടിയിൽ

Synopsis

സംസ്ഥാനത്ത് സ്വർ‍ണ്ണക്കടത്ത് വർദ്ധിക്കുന്നുവെന്ന് കസ്റ്റംസ് റിപ്പോർട്ടിന് പിന്നാലെയാണ് കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണ്ണക്കടത്ത് റിപ്പോർട്ട് ചെയ്യുന്നത്.

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കാസർകോട് സ്വദേശി ഇബ്രാഹിം റിയാസിനെയാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പിടികൂടിയത്. ഏകദേശം 90 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

ദുബായിൽ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് കിലോ സ്വർണവും ഡിയോഡ്രന്റ് കുപ്പിയിൽ 267 ഗ്രാം സ്വർണ്ണവും കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

സംസ്ഥാനത്ത് സ്വർ‍ണ്ണക്കടത്ത് വർദ്ധിക്കുന്നുവെന്ന് കസ്റ്റംസ് റിപ്പോർട്ടിന് പിന്നാലെയാണ് കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണ്ണക്കടത്ത് റിപ്പോർട്ട് ചെയ്യുന്നത്. മെയ് മുതൽ നിരവധി തവണ അനധികൃതമായി കടത്തിയ സ്വർണ്ണം കരിപ്പൂരിൽ വച്ച് പിടികൂടിയിട്ടുണ്ട്. മെയ്യിൽ കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1400 ഗ്രാം സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടിയിരുന്നു. കേസിൽ ഭട്കൽ സ്വദേശി മുഹമ്മദ് ഇമ്രാൻ, മാംഗളൂർ സ്വദേശി മുഹമ്മദ് ഇമ്രാൻ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരിൽ നിന്നും 45 ലക്ഷം രൂപ വില മതിക്കുന്ന ആറ് ഗുളികകൾ വീതമാണ് പിടിച്ചെടുത്തത്.

Read More:കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടി

ജൂലൈയിൽ മൂന്ന് യാത്രക്കാരിൽ നിന്നായി ആറര കിലോ സ്വർണ്ണം പിടികൂടിയിരുന്നു. മഞ്ചേരി സ്വദേശി മുഹമ്മദ്, പന്തല്ലൂർ സ്വദേശി ഉമ്മർ, കോഴിക്കോട് കുന്നമംഗലം സ്വദേശി നിഷാദ് എന്നിവരുടെ പക്കൽ നിന്നും രണ്ട് കോടി മുപ്പത് ലക്ഷത്തോളം രൂപ വില വരുന്ന സ്വർണ്ണമാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പിടികൂടിയത്.

ഈ മാസം രണ്ടുതവണയാണ് വി​ഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയത്. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദിന്റെ പക്കലിൽ നിന്ന‌് ഒന്നേകാൽ കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തിൽ സ്വര്‍ണ്ണം ഒളിപ്പിച്ച് അതിനുമുകളില്‍ വിഗ് വച്ചാണ് ഇയാൾ സ്വർണ്ണം കടത്താൽ ശ്രമിച്ചത്. നൗഷാദിന് പിന്നാലെ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വർണം തലയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസിനെയും കസ്റ്റംസ് പിടികൂടി.

Read More:വീണ്ടും വിഗ്ഗിൽ സ്വർണം കടത്താൻ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

അതേസമയം, രാജ്യത്ത് പ്രതിവർഷം 100 കോടിയുടെ സ്വർണ കള്ളകടത്ത് നടക്കുന്നവെന്നാണ് അനുമാനം. രാജ്യത്തേക്കൊഴുകുന്ന സ്വർണ്ണക്കടത്തിന്റെ മൂന്നിലൊന്ന് കേരളത്തിലേക്കാണ് എത്തുന്നതെന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ എന്ന് കസ്റ്റംസ് കമ്മീഷണർ സുമിത്ത് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മാത്രം 44 കോടിയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടിയതായും കമ്മീഷണർ വ്യക്തമാക്കി.

സംസ്ഥാനത്ത് കള്ളകടത്ത് കേസുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വ‌ർഷം28 കോടിയുടെ സ്വർണ്ണമാണ് പിടികൂടിയത്. ഈ സാമ്പത്തിക വർഷം സെപ്തംബർ 30 വരെ പിടികൂടിയത് 44 കോടിയുടെ സ്വർണ്ണമാണ്. കഴിഞ്ഞ രണ്ടു ദിവസമായി കസ്റ്റംസ് നടത്തിയ പ്രത്യേക ഓപ്പറേഷിലൂടെ 123 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയെന്നും കമ്മീഷണർ അറിയിച്ചു.

Read More:രാജ്യത്തെ സ്വര്‍ണക്കടത്തിന്‍റെ മൂന്നിലൊന്നും കേരളത്തിലേക്ക്; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് കസ്റ്റംസ്

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തുന്ന സ്വർണമാണ് പിടികൂടിയത്. ഏറ്റവും കൂടുതൽ സ്വ‍ർണ്ണക്കടത്ത് പിടികൂടിയത് കരിപ്പൂർ വിമാനത്താവളത്തിലാണെന്ന് കസ്റ്റംസ് കമ്മീഷണ‌ർ പറഞ്ഞിരുന്നു. 84 കിലോ സ്വർണം കടത്തിയതിന് 175 കേസാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണ്ണക്കടത്തിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഉയർന്ന പ്രതിഫലം നൽകുമെന്നും കസ്റ്റംസ് കമ്മീഷണ‌ർ അറിയിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌കാനിംഗിനിടെ അഴിച്ചുവെച്ച 5 പവന്റെ മാല തിരിച്ചെത്തിയപ്പോള്‍ കാണാനില്ല, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍; കേസ്
പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം