
കോട്ടയം : ഗൂഗിളിന്റെ സഹായത്തോടെ യാത്ര ചെയ്തവര്‍ക്ക് പലര്‍ക്കും അബദ്ധം പിണഞ്ഞതും അപകടത്തിൽപ്പെട്ടതുമായ റിപ്പോര്‍ട്ടുകൾ നിരവധിയായി പുറത്തുവരുന്നുണ്ട്. കോട്ടയത്തുനിന്നാണ് ഇത്തരമൊരു വാര്‍ത്ത അവസാനമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാത്രി വൈകി എറണാകുളത്തുനിന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ആരംഭിച്ച കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
വഴി തെറ്റിയെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെടുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ഡോക്ടര്‍ സോണിയയും കുടുംബവും നാട്ടുകാരുടെ സമയോചിത ഇടപെടലുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കാര്‍ തോട്ടിലൂടെ ഒഴുകിയതോടെ നാട്ടുകാരെത്തി പിടിച്ചുകെട്ടി വലിക്കുകയായിരുന്നു. ആറ് മാസം പ്രായമായ കുഞ്ഞുൾപ്പെടെയാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തുനിന്ന് തിരുവല്ലയ്ക്ക് പോകുകയായിരുന്നു ഇവര്‍. ഡോ.സോണിയ, അമ്മ ശോശാമ്മ, സഹോദരൻ അനീഷ് , സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് തലനാരിഴയ്ക്ക് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
കോട്ടയം തിരുവാതുക്കൽ വച്ച് വഴി തെറ്റിയാണ് ഇവര്‍ പാറേച്ചാലിലെത്തിപ്പെട്ടത്. ശക്തമായ മഴയെ തുടര്‍ന്ന് റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു ഇവിടെ. കാര്‍ തോട്ടില്ലേക്ക് വീണതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ബഹളം വച്ചും ഗ്ലാസിലിടിച്ചും ശബ്ദമുണ്ടാക്കി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തിയത്.
കാര്‍ കയര്‍ കെട്ടി വലിക്കാൻ ശ്രമിച്ചപ്പോഴേക്കും വാഹനത്തിന്റെ മുൻഭാഗം ചെളിയിൽ പെട്ടു. ഇതോടെ കാര്‍ സമീപത്തെ പോസ്റ്റിൽ കെട്ടി. കാറിന്റെ ഡോര്‍ കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. തുടര്‍ന്ന് കാര്‍ വലിച്ച് റോഡിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും പൊലീസും അഗ്നിരക്ഷാസേനയുമെത്തി. കാറിലുണ്ടായിരുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് സംഭവസ്ഥലത്തെത്തിയ ബന്ധുക്കളോടൊപ്പം ഇവര്‍ മടങ്ങി.
Read More : ശക്തമായ മഴ: ആലപ്പുഴയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ 21 അംഗ സംഘമെത്തും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam