
ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തിലെ പന്തടിക്കളത്ത് വയോധികയുടെ വീടിന് നേര്‍ക്ക് പതിനഞ്ച് അംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വീടും, വീട്ടുപകരണങ്ങളും തകര്‍ത്ത് 40 പവന്‍ സ്വര്‍ണ്ണവും 3 ലക്ഷം രൂപയും കവര്‍ന്നു. പന്തടിക്കളം സ്വദേശിനി ജലീന മേരി ഗില്‍ബര്‍ട്ടിന്റെ വീടാണ് ആക്രമിച്ചത്.
അക്രമി സംഘത്തിലെ 4 പേരെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട്, ശാന്തന്‍പാറ സ്വദേശികളായ ആദര്‍ശ്, ജോസഫ്, വിജയന്‍, അസീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് ആക്രമണം ഉണ്ടായത്. വിജയന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ജെലീനയുടെ വീട് ആക്രമിക്കുകയും കട്ടിലും, മേശയും, അടുക്കള ഉപകരണങ്ങളും, വാട്ടര്‍ ടാങ്കും ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ അടിച്ചും, കല്ലെറിഞ്ഞും തകര്‍ക്കുകയായിരുന്നു.
ജനാലകളും, മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും തകര്‍ക്കുകയും, തുണി, പാചകവാത സിലിണ്ടര്‍, ഗ്യാസ് സ്റ്റവ് തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തു. ഏലക്കാ വിറ്റ് കിട്ടിയ മൂന്ന് ലക്ഷം രൂപയും, മരുമക്കളുടെ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നത് സംഭവത്തെ തുടര്‍ന്ന് കാണാതായി. ആക്രമണം നടന്നപ്പോള്‍ ജലീനയും, അഞ്ച് വയസുള്ള പേരക്കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ഇവര്‍ കുട്ടിയെയും എടുത്തുകൊണ്ട് ഇവര്‍ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടു. തുടര്‍ന്ന് ഫോണില്‍ ബന്ധുക്കളെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് എത്തി നടപടി സ്വീകരിച്ചു. സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബാക്കി പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam