ഉദയകുമാറിന്റെ കരുതൽ; അംഗപരിമിതർക്ക് കാവലാളാവാൻ 'രക്ഷകൻ' നീരണിഞ്ഞു

By Web TeamFirst Published Oct 26, 2020, 11:27 PM IST
Highlights

വീടിനോട് ചേർന്ന് ടൂ വീലർ വർക്ക് ഷോപ്പ് നടത്തുകയാണ് യുവാവായ ചേർത്തല ചെറുവാരണം മഠത്തിപ്പറമ്പിൽ ഉദയകുമാർ. വർഷങ്ങൾക്കുമുൻപ് യാത്രാബോട്ടിൽ ലാസ്‌കറായും കുറച്ചുകാലം ജോലി ചെയ്തിരുന്നു. ആ സമയത്താണ് അംഗപരിമിതരെയും അവർ നേരിടുന്ന പ്രതിസന്ധികളെയും കൂടുതൽ  മനസിലാക്കിയത്.

ചേർത്തല: വീടിനോട് ചേർന്ന് ടൂ വീലർ വർക്ക് ഷോപ്പ് നടത്തുകയാണ് യുവാവായ ചേർത്തല ചെറുവാരണം മഠത്തിപ്പറമ്പിൽ ഉദയകുമാർ. വർഷങ്ങൾക്കുമുൻപ് യാത്രാബോട്ടിൽ ലാസ്‌കറായും കുറച്ചുകാലം ജോലി ചെയ്തിരുന്നു. ആ സമയത്താണ് അംഗപരിമിതരെയും അവർ നേരിടുന്ന പ്രതിസന്ധികളെയും കൂടുതൽ  മനസിലാക്കിയത്.

ബോട്ടിൽ യാത്രക്കാരായെത്തുന്ന അംഗപരിമിതർക്ക് സഹായഹസ്തവുമായി ജീവനക്കാരനായ ഉദയകുമാർ അന്നും മുൻപന്തിയിലുണ്ടാകുമായിരുന്നു. അവർക്കു സാധനങ്ങൾ ബോട്ടിലേക്ക് അടുപ്പിച്ചു കൊടുക്കുന്നതു മുതൽ ബോട്ടിലേക്ക് എടുത്തു കയറ്റേണ്ടവരെ ആ വിധത്തിലും സഹായിക്കാൻ ഉദയൻ ഓടിയെത്തും. 

വർഷങ്ങൾക്കിപ്പുറം ലോകത്തെ പ്രതിസന്ധിയിലാക്കിയ  കൊവിഡ് കാലത്ത് ഇപ്പോൾ ചെയ്യുന്ന മെക്കാനിക് ജോലിക്ക് താത്കാലിക അവധി ലഭിച്ചു. ഈ സമയത്തു ചില ജില്ലകളിൽ വെള്ളപ്പൊക്കവും പ്രളയവും ഭീകരത പരത്തുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പ്രളയം ഉൾപ്പെടെയുള്ള വെള്ളപ്പൊക്ക സമയങ്ങളിൽ അംഗപരിമിതർക്കു തുണയാകുവാൻ ഒരു രക്ഷാബോട്ട് നിമ്മിക്കുവാൻ ആലോചന തുടങ്ങിയത്. പിന്നെ ഒട്ടും വൈകിയില്ല കൈയിലുള്ള മെക്കാനിക് വൈഭവവും ചെറിയ സമ്പാദ്യവും മാസങ്ങൾ നീളുന്ന അദ്ധ്വാനവും കൂട്ടിച്ചേർത്തു ആ ദൗത്യത്തിന് പൂർണ്ണതയേകി.

അംഗപരിമിതർക്ക് രക്ഷയ്ക്കെത്തുന്ന ബോട്ടിന് പേരും നൽകി.'രക്ഷകൻ'.രണ്ടുലക്ഷത്തോളം രൂപ ചിലവിൽ നിർമ്മിച്ച രക്ഷകന്റെ നിർമ്മാണത്തിന് അംഗപരിമിതയായ ഭാര്യ സിജിമോളും മക്കളായ ഗോവിന്ദും ജാനകിയും പൂർണ്ണ പിന്തുണയേകി. ഓരോ ദിവസവും നിർമ്മാണ പുരോഗതി വിലയിരുത്തുന്നതു മുതൽ നീറ്റിലിറക്കിയ വിദ്യാരംഭദിനം വരെ മനസുകൊണ്ട് പ്രദേശവാസികളും സുഹൃത്തുക്കളും കൂടെച്ചേർന്നു.

ഒരേസമയം നാലുപേർക്ക് സഞ്ചരിക്കാവുന്നതും  അംഗപരിമിതർക്ക് കയറുവാനും ഇറങ്ങുവാനും പ്രത്യേകം സൗകര്യവുമുള്ളതാണ് രക്ഷകൻ ബോട്ട്. വേമ്പനാട് കായലിൽ കണ്ണങ്കര ബോട്ടു ജെട്ടിയ്ക്കു സമീപം തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ പിഎസ് ജ്യോതിസ് രക്ഷകന്റെ ആദ്യ പ്രയാണത്തിന് തുടക്കം കുറിച്ചു.

click me!