
പാലക്കാട്: വർഷം മൂന്ന് കഴിഞ്ഞിട്ടും മഹാപ്രളയം തകർത്ത വീട്ടിൽ ദുരിതത്തിൽ കഴിയുകയാണ് പാലക്കാട് ശംഖുവാരത്തോട് സ്വദേശി ഗോപാലനും ഭാര്യ തങ്കയും. കൊവിഡ് മഹമാരിയിൽ വീടുകളിൽ സുരക്ഷിതരായിരിക്കാൻ സർക്കാർ പറഞ്ഞപ്പോഴും, ഇവർ ഇരുന്നത് സുരക്ഷിതത്വം ഒട്ടുമില്ലാതെ ഇതേ വീട്ടിൽ തന്നെ. വീട് പുനർനിർമിക്കാൻ സഹായിക്കാമെന്ന വാക്കുകേട്ട് ദുരിതാശ്വാസ ക്യാമ്പ് വിട്ട വൃദ്ധ ദന്പതികളെ, സർക്കാർ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നും ഇവർ പറയുന്നു.
കനത്ത ചൂടിൽ ആശ്വാസ മഴയ്ക്കായി കാത്തിരിക്കുകയാണ് പാലക്കാട്ടുകാർ. എന്നാൽ മഴക്കാറ് കാണുന്പോഴേ ഗോപാലന്റെയും ഭാര്യയുടെയും ഉള്ള് പിടയും. 2018 ലെ പ്രളയത്തിൽ തകർന്നതാണീ വീട്. പലവട്ടം വില്ലേജ് ഓഫീസ് കയറിയിറങ്ങി. പക്ഷേ പ്രളയദുരിതാശ്വാസ തുകയായി ആകെ നൽകിയത് പതിനായിരം രൂപ.
കൈവണ്ടി വലിച്ചു കുടുംബം നോക്കിയിരുന്ന ഗോപാലൻ പ്രായധക്യത്തിൽ തളർന്നു. ജീവിതത്തിൽ ദുരിതം മാത്രമായിട്ടും ഇവർക്ക് കിട്ടിയിരിക്കുന്നത് എപിഎൽ റേഷൻ കാർഡ്. റേഷനരി തീർന്നാൽ പിന്നെ പട്ടിണിയാണ്. സർക്കാർ പുറന്പോക്കിൽ കഴിയുന്നതുകൊണ്ടാണ് സഹായം നൽകാനാകാത്തതെന്നാണ് സർക്കാർ ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ അന്പത് കൊല്ലമായി ശംഖുവാരത്തോട് താമസിക്കുകയാണെന്നും മനുഷ്യാവകാശം തങ്ങൾക്കുമില്ലേയെന്നും ചോദിക്കുകയാണീ വൃദ്ധ ദമ്പതികൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam