
തൃശൂര്‍: കുന്നംകുളം നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി കടവല്ലൂര്‍ സ്വദേശിയെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും ചേര്‍ന്ന് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കടവല്ലൂര്‍ കൊട്ടിലിങ്ങല്‍ വീട്ടില്‍ അക്ഷയെ (കൂത്തന്‍ 26) യാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ. ഷാജഹാന്റെ നിര്‍ദ്ദേശ പ്രകാരം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആന്ധ്രയില്‍ നിന്ന് കഞ്ചാവുമായി യുവാവ് ബസില്‍ വരുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ച രണ്ട് കിലോ തൂക്കം വരുന്ന കഞ്ചാവ് പ്രതിയില്‍ നിന്നും പൊലീസ് പിടികൂടി.
മേഖലയില്‍ കഞ്ചാവ് വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് പ്രതിയെന്നും സ്‌കൂളുകള്‍, കോളജുകള്‍, ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, യുവാക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രതി കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോണ്‍സണ്‍, അനീഷ്, ഷിജിന്‍ പോള്‍, രതീഷ്, ഷെഫീഖ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, ചങ്ങനാശേരിയില്‍ നാലു കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. നാട്ടകം സ്വദേശി ഗിരീഷിനെ(27) ആണ് പിടികൂടിയത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.എസ് പ്രമോദിന്റെ നേത്യത്വത്തിലുള്ള സംഘം പട്രോളിംഗിനിടെ കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം കെഎസ്ടിപി വെയിറ്റിംഗ് ഷെഡിനടുത്ത് വച്ചാണ് സ്‌കൂട്ടറില്‍ കടത്തികൊണ്ടു വന്ന കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് കൗമാരക്കാര്‍ക്ക് വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് എക്‌സൈസ് അറിയിച്ചു. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.എസ് സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രവീണ്‍ കുമാര്‍, അമല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ നിത്യ വി മുരളി, ഡ്രൈവര്‍ മനിഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.
മതിലും ചാടി പറക്കാൻ നോക്കി, അൽപ്പം വലഞ്ഞെങ്കിലും പ്രതിയെ കുരുക്കി പൊലീസ്; അറസ്റ്റ് വധശ്രമക്കേസിൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam