സര്‍ക്കാര്‍ ജീവനക്കാരിയെ ഓഫിസില്‍ കൊണ്ടുവിട്ട് മടങ്ങവെ ഭര്‍ത്താവിന് പൊലീസ് മര്‍ദ്ദനമെന്ന് പരാതി

By Web TeamFirst Published May 23, 2021, 8:40 PM IST
Highlights

സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. തിരൂരങ്ങാടി  താലൂക്ക് ഓഫീസില്‍  മൂന്ന് ടൈപ്പിസ്റ്റ് ജോലിക്കാരാണുള്ളത്. കൊവിഡ് കാരണം ഇവര്‍ മാറി മാറിയാണ് ജോലിക്ക് ഓഫീസില്‍ എത്താറുള്ളത്.

തിരൂരങ്ങാടി:  താലൂക്ക് ഓഫീസ് ജീവനക്കാരിയെ ജോലിക്ക് എത്തിച്ച് ബൈക്കില്‍ മടങ്ങുകയായിരുന്ന ഭര്‍ത്താവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റ് ജോലിക്കാരി പരപ്പനങ്ങാടി സ്വദേശി ലേഘയെ രാവിലെ 9.30ന് പരപ്പനങ്ങാടി ടൗണില്‍ എത്തിച്ച് മടങ്ങുകയായിരുന്ന ഭര്‍ത്താവ് പ്രമോദിനെയാണ് പരപ്പനങ്ങാടി എസ്എച്ച്ഒ ഹണി കെ ദാസ് മര്‍ദ്ദിച്ചത്. 

ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ പരപ്പനങ്ങാടി എത്തിയ ലേഘ അവിടെ നിന്ന് താലൂക്ക് ഓഫീസ് വാഹനത്തില്‍ കയറിയതിന് ശേഷം പ്രമോദ് വീട്ടിലേക്ക് തന്റെ ബൈക്കില്‍ മടങ്ങുകയാണ് പതിവ്. ലേഘയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ ദൂരമാണ് പരപ്പനങ്ങാടി ടൗണിലേക്കുള്ളത്.  പ്രമോദ് ബൈക്കില്‍ വീട്ടിലേക്ക് പോകും വഴി അയ്യപ്പന്‍കാവിനടുത്ത് പരപ്പനങ്ങാടി എസ്എച്ച് ഒ ഹണി കെ ദാസ് ബൈക്ക് തടയുകയും ചോദ്യം ചെയ്യുകയും വടികൊണ്ട് കാലില്‍ അടിക്കുകയും ചെയ്തു. 

പ്രമോദ് എസ്എച്ച്ഒയോട് കാര്യം പറഞ്ഞെങ്കിലും ചെവികൊള്ളാതെ അടിക്കുകയും മൊബൈല്‍ വാങ്ങി വെക്കുകയും ചെയ്‌തെന്നും പരാതിക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് താലൂക്ക് ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ മൊബൈല്‍ വാങ്ങാന്‍ സ്റ്റേഷനില്‍ പോയെങ്കിലും മൊബൈല്‍ കൊടുത്തില്ല.

ഇതേതുടര്‍ന്ന് തഹസില്‍ദാര്‍, കലക്ടര്‍, എസ് പി എന്നിവര്‍ക്ക്  പരാതി നല്‍കി. പ്രമേദ്  താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. തിരൂരങ്ങാടി  താലൂക്ക് ഓഫീസില്‍  മൂന്ന് ടൈപ്പിസ്റ്റ് ജോലിക്കാരാണുള്ളത്. കൊവിഡ് കാരണം ഇവര്‍ മാറി മാറിയാണ് ജോലിക്ക് ഓഫീസില്‍ എത്താറുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!