സര്‍ക്കാര്‍ വക 25 കോടി; ഹൈ ആള്‍ട്ടിട്യൂഡ് ട്രെയിനിംഗ് സെന്‍ററിന് രക്ഷയാകുമോ?

By Web TeamFirst Published Jul 24, 2019, 6:43 PM IST
Highlights

കന്നുകാലികളുടെ താവളമായി മാറുന്ന ദയനീയ സ്ഥിതി എത്തിയതോടെയാണ് മന്ത്രിയും കായിക സംഘടനകളുടെ പ്രതിനിധികളും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മൂന്നാറിലെത്തിയത്

ഇടുക്കി: നാശത്തിന്‍റെ വക്കില്‍ എത്തിനില്‍ക്കുന്ന മൂന്നാര്‍ ഹൈ ആള്‍ട്ടിട്യൂഡ് ട്രെയിനിംഗ് സെന്‍ററിന്‍റെ വികസനങ്ങള്‍ക്കായി 25 കോടിരൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സിന്തറ്റിക് ട്രാക്ക്, ഇന്‍ഡോര്‍ സ്റ്റേഡിയം, കണ്‍വെന്‍ഷന്‍ സെന്‍റര്‍, ജിംനേഷ്യം എന്നിവയടക്കമുളളവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക.

ഒന്നര വര്‍ഷം മുമ്പ് സ്‌പോര്‍ട്സ് മന്ത്രി എ സി മൊയ്തീന്‍ സെന്‍ററിലെത്തി വികസനത്തിന് 300 കോടി അനുവദിച്ചെങ്കിലും പണികള്‍ ആരംഭിക്കുകപോലും ചെയ്തില്ല. മന്ത്രിയും സംഘവും സ്‌പോര്‍ട്സ് ട്രെയിനിംഗ് സെന്‍ററിലെത്തി ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ചകള്‍ നടത്തിയശേഷമായിരുന്നു പദ്ധതി ആവിഷ്‌കരിച്ച് പണം അനുവദിച്ചത്. ഏറെ പ്രതീഷയോടെ തുടങ്ങിയ സ്‌പോര്‍ട്‌സ് സെന്‍റര്‍ ദീര്‍ഘവീക്ഷണമില്ലാത്തതുമൂലം നശിക്കാന്‍ ഇടയായതോടെ പലയിടങ്ങളില്‍ നിന്നും പ്രതിഷേധങ്ങളുയര്‍ന്നു.

കന്നുകാലികളുടെ താവളമായി മാറുന്ന ദയനീയ സ്ഥിതി എത്തിയതോടെയാണ് മന്ത്രിയും കായിക സംഘടനകളുടെ പ്രതിനിധികളും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മൂന്നാറിലെത്തിയത്. സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം നടത്തുവാനുള്ള ആലോചനകളും നടന്നു. ഇതിന്‍റെ ഭാഗമായി പദ്ധതിയുടെ കരട് രേഖ അവതരിപ്പിച്ചു. തുടര്‍ന്നാണ് സ്വിമ്മിങ്ങ് പൂള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഹെല്‍ത്ത് ക്ലബ്, ജിംനേഷ്യം, ഗസ്റ്റ് റൂം, കിച്ചന്‍, ലോണ്‍ട്രി, സ്റ്റാഫ് ക്വാട്ടേഴ്‌സ്, ഡോര്‍മിറ്ററി, ഫുട്‌ബോള്‍ മൈതാനം, സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ എന്നിവയുടെ നിര്‍മ്മാണം നടത്തുവാന്‍ തീരുമാനിച്ചത്.

മൂന്നാറിലെ പ്രത്യേകമായ സാഹചര്യങ്ങളും കാലാവസ്ഥയും കണക്കിലെടുത്ത് 15 ഏക്കര്‍ ചുറ്റളവില്‍ നിര്‍മ്മാണങ്ങള്‍ നടത്തുവാനായിരുന്നു ഉദ്ദേശിച്ചത്. സെന്‍ററിന്‍റെ സ്ഥിതി ശോചനീയമായതോടെ 2016 ജൂണില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റായിരുന്ന അഞ്ജു ബോബി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുകയും വികസനത്തിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

സെന്‍ററില്‍ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം ഇന്നും മോശമായ അവസ്ഥയിലാണ്. കുടിവെള്ളം പോലും ലഭിക്കാതെ വന്നതോടെ ഇടയ്ക്ക് മാതാപിതാക്കള്‍ ഇവിടെ നിന്നും കുട്ടികളെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപ്പെട്ട് പണം അനുവദിച്ചത്. കായികപ്രേമികളുടെ ശക്തമായ ഇടപെടല്‍ വാഗ്ദാനത്തിലൊതുങ്ങാതെ ട്രാക്കിലെത്തുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉയരുന്നത്.

click me!