
തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് സുനാമി പുനരധിവാസത്തിന് സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് 12 വര്‍ഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. നഷ്ടപരിഹാരത്തിനായി 12 കൊല്ലമായി നിയമപോരാട്ടത്തിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശി താജുദ്ദീൻ. വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലിയെടുത്ത് നേടിയ ഏക സമ്പാദ്യം അന്യാധീനപ്പെടാതിരിക്കാൻ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും യാതൊരു ഫലവുമില്ല.
22 കൊല്ലം ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് കൊടുങ്ങല്ലൂര്‍ സ്വദേശി താജുദ്ദീൻ, എടവിലങ്ങില്‍ 1 ഏക്കർ 70 സെന്‍റ് വരുന്ന തെങ്ങിൻതോപ്പ് വാങ്ങിയത്. ഏറെ കഷ്ടപ്പെട്ട് ഫാം ഒരുക്കി നല്ല രീതിയിൽ കൃഷി മുന്നോട്ട് പോകുമ്പോഴാണ് 2008 ൽ സുനാമി ദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ ഭൂമി സർക്കാർ ഏറ്റെടുത്തത്. സെന്‍റിന് 45000 രൂപ വിലയിട്ടെങ്കിലും രേഖകളിൽ 38 സെന്‍റ് സ്ഥലം കുറച്ച് കാണിച്ചതിനാൽ താജുദ്ദീൻ പണം വാങ്ങിയില്ല. ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താനോ നടപടി ക്രമങ്ങൾ പാലിക്കാനോ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് താജുദീൻ പറയുന്നത്. തുടര്‍ന്ന് താജുദീൻ ഹൈക്കോടതിയെ സമീപിച്ചു. താജുദ്ദീൻ്റെ മുഴുവൻ സ്ഥലത്തിനും കരമടക്കാൻ അനുമതി നല്‍കണണെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും യാതൊരു ഫലവുമുണ്ടായില്ല.
സർക്കാർ ഭൂമി ഏറ്റെടുത്തതോടെ ഫാമിൽ നിന്നുള്ള വരുമാനം നിലച്ചു. നല്ല വിളവുണ്ടായിരുന്ന തെങ്ങുകൾ പലതും ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റി. നികുതി അടക്കാൻ ആകുമോയെന്ന് അറിയാൻ എല്ലാ വര്‍ഷവും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയെന്നാണ് ഓഫീസുകളില് നിന്നുളള സ്ഥിരം മറുപടി. മുൻപ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ചെയ്ത കാര്യങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്ന് പറഞ്ഞ് ഇപ്പോഴുള്ളവർ കൈമലർത്തുന്നു.