
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ബജറ്റ് (Thiruvananthapuram Corporation Budget)ചര്‍ച്ചയ്ക്കിടെ ബിജെപി എൽഡിഎഫ് കൌൺസിലർമാർ തമ്മിൽ തർക്കവും ഉന്തും തള്ളും. രണ്ട് ബിജെപി കൗണ്‍സിലര്‍മാരെയും രണ്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബജറ്റ് ചര്‍ച്ച ആരോഗ്യകരമായ സംവാദവേദിയാക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കാന്‍ ഉപയോഗിക്കുകയാണെന്ന് കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ആരോപിച്ചു.
അതേ സമയം ബജറ്റിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയ ബിജെപി അംഗങ്ങള്‍ക്കെതിരായ മേയറുടെ പക്വതയില്ലാത്ത നീക്കം അനുവദിക്കാനാവില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഉന്തും തള്ളിന് ശേഷം മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയ ബിജെപി അംഗങ്ങള്‍ മേയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു.
പൊതുജനങ്ങളുടെയും അഭിപ്രായം പരിഗണിച്ചാണ് ഇത്തവണ ബജറ്റ് തയ്യാറാക്കിയതെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ബജറ്റ് ചർച്ചക്കിടെ ബിജെപി അംഗങ്ങൾ രാഷ്ട്രീയമായി പെരുമാറി. ബജറ്റ് ചർച്ച രാഷ്ട്രീയ ചർച്ചയാക്കാനാണ് ബിജെപി ശ്രമിച്ചത്. ബിജെപി അംഗങ്ങൾ എൽഡിഎഫ് അംഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും മേയർ കുറ്റപ്പെടുത്തി.
വ്യവസായ മേഖലയില്‍ ശതകോടികളുടെ നഷ്ടം? നിര്‍ബന്ധിത പണിമുടക്കിനെതിരെ പ്രതിഷേധം
കൊച്ചി: രണ്ടു ദിവസത്തെ പരിപൂർണ പൊതുപണിമുടക്കിൽ (Strike) കടുത്ത ആശങ്ക രേഖപ്പെടുത്തി സംസ്ഥാനത്ത വ്യവസായ വാണിജ്യ മേഖല. ടൂറിസം രംഗത്തടക്കം വ്യവസായമേഖലയ്ക്ക് ശതകോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് അടക്കം കണക്കുകൂട്ടുന്നത്. കൊവിഡ് തിരിച്ചടിയിൽ നിന്ന് കരകയറാനുളള തത്രപ്പാടിനിടെയാണ് പണിമുടക്ക് കൂടി വരുന്നത്
48 മണിക്കൂർ ജനജീവിതത്തെ ബന്ദിയാക്കിയുളള സമരത്തെയാണ് ജോസ് ഡൊമിനിക് അടക്കമുളള വ്യവസായികൾ ചോദ്യം ചെയ്യുന്നത്. പണിമുടക്കാൻ ആർക്കും അവകാശമുണ്ട്. എന്നാൽ പണിയെടുക്കാനുളള മറ്റൊരാളുടെ അവകാശത്തിൻമേൽ കടന്നുകയറരുത്. കേരളത്തിന്‍റെ വ്യവസായ വാണിജ്യ മേഖലയെ നിശ്ചലമാക്കുന്ന സമരത്തോട് യോജിപ്പില്ല. രാജ്യമൊട്ടാകെയാണ് പൊതു പണിമുടക്കെങ്കിലും വാണിജ്യ വ്യവസായ മേഖലയടക്കം നിശ്ചലമാകുന്ന ഗതികേട് കേരളത്തിലേ നടക്കു. കൊവിഡ് കാലത്ത് കേരളത്തിലെ ടൂറിസം മേഖലയടക്കം നേരിട്ട തിരിച്ചടി മറികടക്കാൻ കുറഞ്ഞത് 5 കൊല്ലമെങ്കിലും വേണമെന്നും ഇവര്‍ പറയുന്നു.
കൊവിഡ് മാത്രമല്ല നിരന്തര ഹർത്താലും സമരവും തിങ്ങിനിറഞ്ഞ ഇടമാണ് ഗോഡ്സ് ഓൺ കണ്‍ട്രിയെന്നാണ് കേരളത്തെക്കുറിച്ച് നിലവില്‍ രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയുടെ അടക്കം ധാരണ. ബിപിസിഎല്ലിലെ തൊഴിലാളി സമരം കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ തൊഴിൽ സ്തംഭിപ്പിച്ച് പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് യൂണിയനുകൾ. വ്യവസായ വാണിജ്യമേഖല മാത്രമല്ല സിനിമാ മേഖലയടക്കമുളള വിനോദ മേഖലയും പണിമുടക്കിൽ നിന്ന് തങ്ങളെ ഒഴിണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.