
മലപ്പുറം: ആന്തൂരിലെ വ്യവസായി ആത്മഹത്യ ചെയ്ത പാശ്ചാത്തലത്തിൽ ഫയലുകൾ വൈകിക്കില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥർ പ്രതിജ്ഞയെടുത്തു. മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഓഫീസുകളില്‍ ഒത്തുചേര്‍ന്നാണ് അഴിമതി വിരുദ്ധ പ്രതിജ്ഞയെടുത്തത്. കളക്ട്രേറ്റിൽ നടന്ന ചടങ്ങിന് ജില്ലാ കളക്ടർ നേതൃത്വം നൽകി.
രാവിലെ കൃത്യം 11.11 ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും ജീവനക്കാർ അതത് ഓഫീസുകളിൽ ഒത്തുകൂടിയാണ് പ്രതിജ്ഞയെടുത്തത്. ആന്തൂർ സംഭവം ജില്ലയിലെവിടെയും ആവർത്തിക്കില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് ഓർമിപ്പിക്കുന്നതായിരുന്നു പ്രതിജ്ഞ. ഫയൽ തീർപ്പാകാൻ വൈകുമെങ്കിൽ അതിന്റെ കാരണം അപേക്ഷകനെ അറിയിക്കുക, പാരിതോഷികങ്ങൾ ആവശ്യപ്പെടരുത്, മാന്യമായി പെരുമാറുക എന്നിവ സർക്കാർ ഉദ്യോഗസ്ഥർ സ്വയം ഉറപ്പ് വരുത്തണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.
പ്രതിജ്ഞയ്ക്ക് ശേഷം പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ യോഗവും നടന്നു. കെട്ടിക്കിടക്കുന്ന ഫയലുകൾ സംബന്ധിച്ച കണക്ക് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറിമാരോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam