താമരക്കുളം ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ വൻ മോഷണം. കടകൾക്ക് മുന്നിലെ ഗ്രിൽ മുറിച്ച് അകത്തുകയറിയ മോഷ്ടാക്കൾ പണവും സാധനങ്ങളും കവർന്നു.

ചാരുംമൂട്(ആലപ്പുഴ): താമരക്കുളം ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ വൻ മോഷണം. കടകൾക്ക് മുന്നിലെ ഗ്രിൽ മുറിച്ച് അകത്തുകയറിയ മോഷ്ടാക്കൾ പണവും സാധനങ്ങളും കവർന്നു. താമരക്കുളം ഗ്രാമപഞ്ചായത്ത് പബ്ലിക് മാർക്കറ്റിലെ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സുരേന്ദ്രൻപിള്ളയുടെ പലചരക്കുകട, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ചെല്ലപ്പൻ പിള്ളയുടെ അങ്ങാടിക്കട, ജനകീയ ഹോട്ടൽ, മാർക്കറ്റിനുള്ളിലുള്ള ലൈലയുടെ പെട്ടിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അങ്ങാടിക്കടയുടെയും പലചരക്കുകടയുടെയും ഷട്ടറിനു പുറത്തുള്ള ഭാഗമാണ് ഗ്രില്ലിട്ടിരിക്കുന്നത്. ഇതിൽ അങ്ങാടിക്കടയുടെ ഗ്രിൽ മുറിച്ചാണ് തൊട്ടടുത്ത പലചരക്കുകടയിലും മോഷ്ടാക്കൾ കയറിയത്. ഈ രണ്ട് കടകളിൽനിന്നും സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ലൈലയുടെ പെട്ടിക്കടയിൽനിന്ന് സിഗററ്റ് ഉൾപ്പെടെയുള്ള സാധനങ്ങളും ഏഴായിരത്തോളം രൂപയുമാണ് കവർന്നത്. ജനകീയ ഹോട്ടലിന്റെ താഴ് പൊട്ടിച്ചിട്ട നിലയിലായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തോർത്തുകൊണ്ട് മുഖം മറച്ചയാളെ ഈ ഭാഗത്ത് കണ്ടതായി ഇതുവഴി വന്ന യാത്രക്കാരൻ പറയുന്നു. സംഭവത്തിൽ നൂറനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.