മൂന്നാറില്‍ വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ 17 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ചു

By Web TeamFirst Published Dec 14, 2020, 9:10 AM IST
Highlights

1995ലാണ് സ്ഥലം വ്യാജപട്ടയമുണ്ടാക്കി കയ്യേറിയതായി റവന്യൂ സംഘം കണ്ടെത്തിയെങ്കിലും 2002ലാണ് ദേവികുളം തഹസില്‍ദാര്‍ ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 

മൂന്നാര്‍: ഇടുക്കി പോതമേട്ടില്‍ വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി റവന്യൂ വകുപ്പ് തിരിച്ച് പിടിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പതിനേഴര ഏക്കര്‍ ഭൂമിയാണ് റവന്യു സംഘം പിടിച്ചെടുത്തത്. 1995ല്‍ തുടങ്ങിയ നിയമ നപടികള്‍ക്കാണ് ഇപ്പോള്‍ പര്യവസാനമായത്. 

മൂന്നാര്‍ പോതമേട്ടിലെ ടോള്‍ ട്രീസ് റിസോര്‍ട്ടിന്റെ ഉടമസ്ഥതിയില്‍ 66 ഏക്കര്‍ ഭൂമിയാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴരയേക്കര്‍ ഭൂമിയിലെ ഏഴ് പട്ടയങ്ങള്‍ വ്യാജപട്ടയങ്ങളുടെ മറവിലാണ് കൈവശംവെച്ചിരിക്കുന്നതെന്ന് 1995 ല്‍ റവന്യു വകുപ്പ് കണ്ടെത്തി. സര്‍വ്വേ നമ്പര്‍ 231, 241,243 എന്നിവയില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ കെട്ടിടങ്ങളോ മറ്റ് ക്യഷികളോ അധിക്യതര്‍ നടത്തിയിരുന്നില്ല. തുടര്‍ന്ന് ഭൂമി ഏറ്റെടുക്കാന്‍ നിയമനടപടികള്‍ സ്വീകരിച്ചെങ്കിലും അട്ടിമറിക്കപ്പെട്ടു. 

കാല്‍ നൂറ്റാണ്ടുകാലത്തെ നിയമനടപടികള്‍ക്കൊടുവിലാണ് ഭൂമി ഏറ്റെടുക്കുന്നത്. 1995ലാണ് സ്ഥലം വ്യാജപട്ടയമുണ്ടാക്കി കയ്യേറിയതായി റവന്യൂ സംഘം കണ്ടെത്തിയെങ്കിലും 2002ലാണ് ദേവികുളം തഹസില്‍ദാര്‍ ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 

2003ല്‍ ജില്ലാകളക്ടര്‍ തഹസില്‍ദ്ദാരുടെ ഉത്തരവ് ശരിവച്ചു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടക്കാതെ വന്നതോടെ രണ്ടായിരത്തി നാലില്‍ ലാന്റ് റവന്യൂ കമ്മീഷ്മര്‍ ഭൂമി ഏറ്റെടുക്കുന്നതിന് വീണ്ടും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഏറ്റെടുക്കല്‍ നടപടി വൈകി. ഇതിനുശേഷം രണ്ടായിരത്തി പത്തില്‍ നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ള സ്ഥലം ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതിനെതിരേ കൈവശക്കാരന്‍ കോടതിയെ സമീപിച്ചു. 

ഇതോടെ ഭൂമി ഏറ്റെടുക്കല്‍ അനന്തമായി നീണ്ടു.  ഇപ്പോള്‍ റവന്യൂ വകുപ്പിന്‍റെ നടപടി ശരിവച്ച് ഹൈക്കോടതി ഉത്തരവിറങ്ങിയത്. തുടര്‍ന്നാണ് ഞയറാഴ്ച ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചത്. മൂന്നാര്‍ സി ഐ സാംജോസ്, റവന്യു ഉദ്യോഗസ്ഥര്‍, സര്‍വ്വെ സംഘം എന്നിവരുള്‍പ്പെടെ നൂറുറോളംപേര്‍ ഭൂമിയേറ്റടുക്കല്‍ സംഘത്തിലുണ്ടായിരുന്നു.
 

click me!