
തിരുവനന്തപുരം: പ്രായത്തിന്റെ വിഷമതകൾ മറന്ന് പേരകുട്ടികൾക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച് മുത്തശ്ശിമാർ. ഇടുക്കി കിഴക്കേ കലൂർ സ്ഥിതി ചെയ്യുന്ന മേരി ലാൻഡ് പബ്ലിക് സ്കൂളിലെ ഗ്രാൻഡ് പേരൻ്റ്സ് ഡേയോട് അനുബന്ധിച്ച് നടന്ന ചടങ്ങുകൾക്ക് ഇടയിലാണ് കുട്ടികൾക്കൊപ്പം മുത്തശ്ശിമാരും പ്രായം മറന്ന് നൃത്തച്ചുവടുകൾ പങ്കുവെച്ചത്. ചിലർ കുട്ടികൾക്കൊപ്പം നൃത്തച്ചുവടുകൾ വച്ചപ്പോൾ മറ്റു ചിലർ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. സ്റ്റേജിൽ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന വിദ്യാർത്ഥികളുടെയും സ്റ്റേജിനു മുന്നിൽ നൃത്തം വെയ്ക്കുന്ന മുത്തശ്ശിമാരുടെയും ദൃശ്യങ്ങളാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കയ്യടിയോട് കൂടിയാണ് ഇത് കണ്ടു നിന്നവർ ഇവരെ അനുമോദിച്ചത്. സ്കൂളിലെ പ്ലേ സ്കൂൾ മുതൽ യുകെജി വരെയുള്ള വിദ്യാർത്ഥികളുടെ മുത്തശ്ശി മുത്തശ്ശന്മാരെ മാത്രം ഉൾക്കൊള്ളിച്ചാണ് വെള്ളിയാഴ്ച ഗ്രാൻഡ് പാരൻ്റ്‌സ് ഡേ സ്കൂളിൽ സംഘടിപ്പിച്ചത്. മുത്തശ്ശി മുത്തശൻമാർ നമ്മുടെ കുട്ടികൾക്ക് സ്നേഹത്തിന്റെ കലവറയാണെന്നും അവരുടെ സ്നേഹവും സംഭാവനയും തിരിച്ചറിയുന്നതിനു വേണ്ടിയും ആണ് ഇത്തരം ഒരു പരിപാടി ആഘോഷിക്കുന്നത് എന്ന് സ്കൂൾ അധികൃതർ ചടങ്ങിൻ്റെ നോട്ടീസിൽ പറയുന്നു.
മുത്തശ്ശിയും മുത്തശ്ശനും ഇല്ലെങ്കിൽ കുട്ടികൾക്ക് ഒറ്റപ്പെടൽ തോന്നാതെ ഇരിക്കാൻ അന്നേദിവസം കുടുംബത്തിലെ പ്രായമുള്ള അടുത്ത ബന്ധുകളെ പങ്കെടുപ്പിക്കാം. ഇവർ ആരും ഇല്ലെങ്കിൽ മാത്രം ആണ് അന്നെ ദിവസം രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയത്. അതിനാൽ തന്നെ രക്ഷകർത്താക്കൾ ചടങ്ങൾ പങ്കെടുക്കേണ്ടത് ഇല്ല എന്ന് സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. വീട്ടിൽ നിന്ന് ബാഗും ബുക്കും യൂണിഫോമും ഇട്ടു ഒരുങ്ങി ഇറങ്ങുന്ന തന്റെ പേരക്കുട്ടികളെ കണ്ട് നിന്ന മുത്തശ്ശിക്കും മുത്തശ്ശനും പേരകുട്ടികൾ പഠിക്കുന്ന വിദ്യാലയം അടുത്ത് കാണാനും അവരുടെ കൂട്ടുകാരെയും അധ്യാപകരേയും നേരിൽ കാണാനും പരിചയപ്പെടാനും ഈ പരിപാടിയിലൂടെ അവസരം ഒരുങ്ങി.