മകന്‍റെ പുതിയ വീട്ടിലേക്കുള്ള ക്ഷണം നിരസിച്ചു, വൃദ്ധ ദമ്പതികളെ മരണം കാത്ത് നിന്നത് കൊച്ചുമകന്‍റെ രൂപത്തില്‍

Published : Jul 25, 2023, 11:11 AM ISTUpdated : Jul 25, 2023, 11:52 AM IST
മകന്‍റെ പുതിയ വീട്ടിലേക്കുള്ള ക്ഷണം നിരസിച്ചു, വൃദ്ധ ദമ്പതികളെ മരണം കാത്ത് നിന്നത് കൊച്ചുമകന്‍റെ രൂപത്തില്‍

Synopsis

മകന്റെ ക്ഷണം സ്വീകരിച്ച് ആ വീട്ടിലേക്ക് പോയിരുന്നെങ്കില്‍ ദാരുണമായി കൊല ചെയ്യപ്പെടുമായിരുന്നില്ല. ഉപ്പയും ഉമ്മയും അതിക്രൂരമായി കൊല്ലപ്പെട്ട് കിടക്കുന്നത് നേരിട്ട് കണ്ടതും ഇതേ മകനാണ്. ആ ഞെട്ടലില്‍നിന്ന് മകന്‍ ഇതുവരെ മോചിതനായിട്ടില്ല

തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് കൊച്ചുമകന്‍ വൃദ്ധ ദമ്പതികളെ കഴുത്ത് അറുത്ത് കൊന്ന സംഭവത്തിന്‍റെ ഞെട്ടലിലാണ് വൈലത്തൂര്‍ ഗ്രാമം. പ്രദേശവാസികളായ രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. പുതിയ വീട്ടിലേക്ക് പോകാമെന്നുള്ള മകന്‍റെ ക്ഷണം നിരസിച്ച വൃദ്ധ ദമ്പതികളാണ് ചെറുമകന്‍റെ കൊലക്കത്തിക്ക് ഇരയായത്. വടക്കേക്കാട് വൈലത്തൂര്‍ അണ്ടിക്കോട്ട്കടവ് പനങ്ങാവില്‍ അബ്ദുള്ള (75), ഭാര്യ ജമീല(64) എന്നിവരെയാണ് ചെറുമകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇവരുടെ പേരക്കുട്ടി മുന്ന എന്ന അക്മലി (27) നെ വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്നതിനുശേഷം മംഗലാപുരത്തേക്ക് കടക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.

അബ്ദുള്ളയേയും ജമീലയേയും കാണാന്‍ ഇവരുടെ മകന്‍ നൗഷാദ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നു വന്ന നൗഷാദ് നേരെ ഉപ്പയേയും ഉമ്മയേയും കാണാന്‍ എത്തുകയായിരുന്നു. ഇരുവരേയും തന്റെ പുതിയ വീട്ടിലേക്ക് കൊണ്ടുപോകാനായിട്ടായിരുന്നു വരവ്. ഏറെനേരം സംസാരിച്ചുവെങ്കിലും രണ്ടുപേരും പിന്നീട് വരാമെന്ന് പറഞ്ഞ് സ്‌നേഹത്തോടെ ക്ഷണം നിരസിക്കുകയായിരുന്നു. മകന്റെ ക്ഷണം സ്വീകരിച്ച് ആ വീട്ടിലേക്ക് പോയിരുന്നെങ്കില്‍ ദാരുണമായി കൊല ചെയ്യപ്പെടുമായിരുന്നില്ല. ഉപ്പയും ഉമ്മയും അതിക്രൂരമായി കൊല്ലപ്പെട്ട് കിടക്കുന്നത് നേരിട്ട് കണ്ടതും ഇതേ മകനാണ്. ആ ഞെട്ടലില്‍നിന്ന് മകന്‍ ഇതുവരെ മോചിതനായിട്ടില്ല.

നൗഷാദ് ഇരുവര്‍ക്കുമുള്ള പ്രഭാത ഭക്ഷണവുമായി വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മുന്‍വശത്തെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വാതിലിനരികിലെ ജനല്‍ പാളിയുടെ ചില്ല് നേരത്തെ പൊട്ടിച്ചിരുന്നു. ഇതിലൂടെ കൈയിട്ട് വാതില്‍ തുറന്നപ്പോഴാണ് ജമീലയുടെ കഴുത്തറുത്ത് തല ഭാഗം ഹാളിലെ കോണിപ്പടിയില്‍ വച്ച നിലയിലും ഉടല്‍ ബെഡ്‌റൂമിലുമാണ് കണ്ടെത്തിയത്. മറ്റൊരു മുറിയില്‍ അബ്ദുള്ളയുടെ മൃതദേഹവും കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃത്യത്തിനുപയോഗിച്ച വെട്ടുകത്തി മുറിയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. രക്ഷിതാക്കള്‍ക്ക് പ്രഭാത ഭക്ഷണമായി എത്തിയ മകന്‍ വാതില്‍ പുറമേനിന്നു കുറ്റിയിട്ടതിനാല്‍ ഭക്ഷണപ്പൊതി ഉമ്മറത്തെ ടീപ്പോയിയില്‍ വച്ചാണ് വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയത്. ജനല്‍ വഴി ഓടാമ്പല്‍ നീക്കി അകത്തുകയറിയ നൗഷാദ് കണ്ടത് തന്റെ പ്രിയപ്പെട്ടവരുടെ മൃതശരീരമായിരുന്നു.

നൗഷാദ് ഞായറാഴ്ച രാത്രി പുതുതായി പണിത തന്റെ വീട്ടിലേക്ക് മാതാപിതാക്കളെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു.  എന്നാല്‍ സുഖമില്ലാതിരുന്നത് മൂലം രക്ഷിതാക്കള്‍ ക്ഷണം നിരസിച്ച് പിന്നീട് വരാമെന്ന് പറഞ്ഞ് നൗഷാദിനെ മടക്കി അയയ്ക്കുകയായിരുന്നു. അബ്ദുള്ള -ജമീല ദമ്പതികള്‍ക്ക് നിമിത, നിഷിത, നൗഷാദ് എന്നീ മൂന്നു മക്കളാണുള്ളത്. ഇതില്‍ മൂത്ത മകള്‍ നിമിതയുടെ ആദ്യ വിവാഹത്തിലെ മകനാണ് അക്മല്‍. ഇയാള്‍ ചെറുപ്പം മുതലെ അബ്ദുള്ളയോടും ജമീലയോടുമൊപ്പമാണ് താമസം. മക്കളെല്ലാം വിദേശത്തായിരുന്നതിനാല്‍ ഇവര്‍ മൂന്നുപേരും മാത്രമാണ് വര്‍ഷങ്ങളായി സംഭവം നടന്ന വീട്ടില്‍ താമസിച്ചു വരുന്നത്.

അക്മല്‍ ബാംഗ്ലൂരിലാണ് പഠിച്ചിരുന്നത്. നാട്ടില്‍ വന്നതിനുശേഷം പണം ചോദിച്ച് ഇവരുമായി എന്നും വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയിലും വഴക്കിട്ടിരുന്നു. പത്ത് ലക്ഷം വേണമെന്നാവശ്യപ്പെട്ടായിരുന്നു വഴക്കെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈ വിവരം മക്കള്‍ക്കും ബന്ധുക്കള്‍ക്കും അറിയാമായിരുന്നുവെങ്കിലും ഇത്രയും നാള്‍ സ്നേഹം നല്‍കി വളര്‍ത്തിയവരെ കൊടുംക്രൂരതയ്ക്കിരയാക്കുമെന്ന് ആരും കരുതിയിരുന്നില്ല. മകളുടെ ആദ്യ വിവാഹത്തിലെ മകനായതുകൊണ്ട് തന്നെ വളരെ കരുതലോടെയും സ്‌നേഹത്തോടെയുമാണ് ഇവര്‍ അക്മലിനെ വളര്‍ത്തിയിരുന്നത്. തുടര്‍പഠനത്തിന് ബാംഗ്ലൂരില്‍ പോയി വന്നതിനു ശേഷമാണ് അക്മല്‍ കൂടുതലായി ലഹരിക്കടിമയായതെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊഴിയൂര്‍ മത്രംകോട്ട് റസാഖാണ് അക്മലിന്റെ പിതാവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മേലുകാവ് സ്വദേശി മനുമോൻ, ഇടമറുകിൽ വാടകയ്ക്ക് വീടെടുത്തു, നടത്തിയത് സമാന്തര ബാർ; രഹസ്യമായെത്തി പൊക്കി
പരാതി അന്വേഷിക്കാനെത്തിയപ്പോൾ കൂട്ടനിലവിളി, കിണറിലേക്ക് ചാടി എസ്ഐ, മുങ്ങിയെടുത്തത് നാലുവയസുകാരനെ