
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നീര്‍ച്ചാലുകള്‍, തോടുകള്‍, കുളങ്ങള്‍, വെള്ളം സംഭരിച്ച ക്വാറികള്‍ ഉള്‍പ്പെടെ എല്ലാ ജല സ്രോതസ്സുകളുടെയും മാപ്പിങ്ങുമായി ജില്ലാ ഹരിത കേരളം മിഷന്‍. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിംഗിന്റെ സഹായത്തോടെ ഐടി മിഷന്‍റെ സാങ്കേതിക ഉപദേശം സ്വീകരിച്ചാണ് ഹരിതകേരളം മിഷന്‍റെ റിസോഴ്‌സ് പേഴ്‌സണ്‍മാരും, യങ് പ്രഫഷണല്‍മാരും അടങ്ങുന്ന സംഘം മാപ്പിംഗ് ജോലികള്‍ നിര്‍വഹിക്കുന്നത്. ർ
ജില്ലയെ പലമേഖലകളായി തിരിച്ച് അവിടുത്തെ ഉപഗ്രഹചിത്രങ്ങള്‍ ഐ.ടി മിഷന്‍ തയ്യാറാക്കി മാപ്പിംഗ് സംഘത്തിന് നല്‍കിയിട്ടുണ്ട്. ഈ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് മാപ്പിങ് നടത്തുന്നത്. ലോക്ഡൗണ്‍ സമയമായതിനാല്‍ വാട്‌സ് ആപ് മുഖേന സംസ്ഥാന ഹരിത കേരളം മിഷനില്‍ നിന്ന് പ്രത്യേക ഓണ്‍ ലൈന്‍ പരിശീലനം നടത്തിയാണ് മാപ്പിങ്ങ് ആരംഭിച്ചത്.
ജില്ലയില്‍ വലിയ ജനപങ്കാളിത്തത്തോടെ ഹരിതകേരളം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച 'ഇനി ഞാന്‍ ഒഴുകട്ടെ' ക്യാമ്പയിനിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്നതിന് ഈ മാപ്പുകള്‍ സഹായകമാകും. ജില്ലയിലെ പുഴകളുടെയും നീര്‍ച്ചാലുകളുടെയും സമ്പൂര്‍ണ്ണവും ആധികാരികവുമായ ഈ ഡിജിറ്റലൈസേഷന്‍ പ്രക്രിയക്ക് 'മാപ്പത്തോണ്‍' എന്നാണ് പേരിട്ടിരിക്കുന്നത്.
ജില്ലയിലെ ഓരോ ജലസ്രോതസും സ്ഥായിയായി നിലനില്‍ക്കത്തക്ക വിധത്തില്‍ അവയുടെ പുനരുജ്ജീവനം ഉറപ്പാക്കാനും രൂക്ഷമായ വരള്‍ച്ചയില്‍ ജലസ്രോതസുകളെ കാര്യക്ഷമമായി ഉപയോഗിക്കാനും സമഗ്രമായ ജലവിഭവ ആസൂത്രണം നടത്താനും മാപ്പ് ഉപയോഗപ്പെടുത്താമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രകാശ് അറിയിച്ചു.