വരൻ ഉക്രൈനിൽ, വധു പുനലൂ‍‍ർ സബ് രജിസ്ട്രാ‍ർ ഓഫീസിൽ, അങ്ങനെ രജിസ്റ്റർ വിവാഹവും ഓൺലൈനായി

By Web TeamFirst Published Oct 23, 2021, 6:05 PM IST
Highlights

അങ്ങകലെ ഉക്രയിനില്‍ നിന്നാണ് ഗൂഗിള്‍ മീറ്റിന്‍റെ ഒരറ്റത്ത് ജീവന്‍കുമാറിരുന്നത്. ഇപ്പുറത്ത് പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ജീവന്‍റെ ജീവിത സഖിയാകാന്‍ കഴക്കൂട്ടംകാരി ധന്യയും...

കൊല്ലം: സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ രജിസ്റ്റര്‍ വിവാഹത്തിനു വേദിയായി കൊല്ലം പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ്. യുക്രൈനില്‍ ജോലി ചെയ്യുന്ന യുവാവും തിരുവനന്തപുരം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹം ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈനായി കഴിഞ്ഞദിവസം നടത്തിയത്.

അങ്ങകലെ ഉക്രയിനില്‍ നിന്നാണ് ഗൂഗിള്‍ മീറ്റിന്‍റെ ഒരറ്റത്ത് ജീവന്‍കുമാറിരുന്നത്. ഇപ്പുറത്ത് പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ജീവന്‍റെ ജീവിത സഖിയാകാന്‍ കഴക്കൂട്ടംകാരി ധന്യയും ഇരുന്നു. കല്യാണത്തിന് സാക്ഷ്യം രേഖപ്പെടുത്താനെത്തിയവരും സബ് രജിസ്ട്രാര്‍ ടി.എം.ഫിറോസുമെല്ലാം ഗൂഗിള്‍ മീറ്റില്‍ തന്നെ ഹാജരായി. 

അങ്ങനെ സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ രജിസ്റ്റര്‍ വിവാഹം പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടന്നു. സ്പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ധന്യയും ജീവനും അപേക്ഷ നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിശ്ചിത സമയത്ത് യുക്രൈനില്‍ നിന്ന് ജീവന് നാട്ടിലെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചതും  ചരിത്ര വിവാഹത്തിന് ഇരുവര്‍ക്കും വഴിയൊരുങ്ങിയതും.

click me!