രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ ഗ്രൂപ്പ് പോര്; തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസ്

By Web TeamFirst Published Dec 30, 2020, 10:15 PM IST
Highlights

ക്വാറം തികയാത്തതിനാലാണ് തെരഞ്ഞെടുപ്പ്  നടക്കാതിരുന്നതെന്നും തെരഞ്ഞെടുപ്പ് എത്തിച്ചേരുന്ന അംഗങ്ങളെ വെച്ച് നാളെ തിരഞ്ഞെടുപ്പ്‌നടത്തുമെന്നും വരണാധികാരിയായ താലൂക്ക് സപ്ലൈ ഓഫിസര്‍ മനോജ് കുമാര്‍ അറിയിച്ചു.
 

ഹരിപ്പാട്: പ്രതിപക്ഷ നേതാന് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ ഗ്രൂപ്പ് പോര് ശക്തം. ഭൂരിപക്ഷം ലഭിച്ചിട്ടും ചിങ്ങോലി പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ വിട്ടുനിന്നു. 

ആകെയുള്ള 13 അംഗങ്ങളില്‍ ഏഴ് പേര്‍ കോണ്‍ഗ്രസുകാരാണ്. പ്രസിഡന്റ് വനിതാ സംവരണമായ പഞ്ചായത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച് നിയാസിന്റെ നേതൃത്വത്തില്‍ രണ്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച പത്മശ്രീയയും മുന്‍ പഞ്ചായത്ത് അംഗമായ ശാന്തകുമാറിന്റെ നേതൃത്വത്തില്‍ പതിമൂന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച സജിനിയെയും പ്രസിഡന്റാക്കാന്‍ ഇരുവിഭാഗവും രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ വരെ എത്തുകയും ചെയ്തു. 

നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കും രണ്ടര വര്‍ഷം വീതം വെച്ച് നല്‍കി. എന്നാല്‍ ഇരുകൂട്ടരും ആദ്യ രണ്ടര വര്‍ഷം തങ്ങള്‍ക്ക് തന്നെ വേണമെന്ന വാശിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ വരെ നേതാക്കന്‍മാര്‍ ഇടപെട്ടിട്ടും ഇരുകൂട്ടരും പിന്‍മാറാന്‍ തയ്യാറായില്ല. പത്മശ്രീയുടെ നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തിയെങ്കിലും തിരഞ്ഞെടുപ്പ് ഹാളിലേക്ക് കയറിയില്ല. സജിനിയും മറ്റൊരു അംഗവും എത്തിയതുമില്ല.

എല്‍ ഡി എഫ് അംഗങ്ങളായ ആറ് പേരും രണ്ട് തെരഞ്ഞെടുപ്പിലും ഹാജരായിരുന്നു. ക്വാറം തികയാത്തതിനാലാണ് തെരഞ്ഞെടുപ്പ്  നടക്കാതിരുന്നതെന്നും തെരഞ്ഞെടുപ്പ് എത്തിച്ചേരുന്ന അംഗങ്ങളെ വെച്ച് നാളെ തിരഞ്ഞെടുപ്പ്‌നടത്തുമെന്നും വരണാധികാരിയായ താലൂക്ക് സപ്ലൈ ഓഫിസര്‍ മനോജ് കുമാര്‍ അറിയിച്ചു. എല്‍ ഡി എഫില്‍ നാല് സി പി എം അംഗങ്ങളും രണ്ട് സി പി ഐ അംഗങ്ങളുമാണ്.
 

click me!