
ചേർത്തല: ചേർത്തല നഗരത്തിലെ ചെറുകിട കയർ വ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷം തട്ടിപ്പു നടത്തിയ സംഘത്തിലെ നാല് പേരെ തമിഴ് നാട്ടിൽ നിന്നും ചേർത്തല പൊലീസ് പിടികൂടി. ചേർത്തല നഗരസഭ 11 -ാം വാർഡ് പുഷ്പാ നിവാസിൽ കൃഷ്ണപ്രസാദി (30) ന്റെ പണമാണ് നഷ്ടമായത്. ഹോട്ടലുകളുടെ റേറ്റിങ് ഉയർത്തികാട്ടി വരുമാനമുണ്ടാക്കാനുള്ള ആപ്പിൽ ഉൾപെടുത്തിയായിരുന്നു തട്ടിപ്പ്.
പരാതിയിൽ ചേർത്തല പൊലീസ് കോയമ്പത്തൂരിൽ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിൽ പങ്കാളികളായ കോയമ്പത്തൂർ കളപ്പനായക്കൽ ഖാദർമൊയ്തീൻ (44), സോമയം പാളയം മരതരാജ്(36), വേലാണ്ടിപാളയം ഭുവനേശ്വര നഗർ രാമകൃഷ്ണൻ (50), വേലാട്ടിപാളയം തങ്കവേൽ (37) എന്നിവരാണ് പിടിയിലായത്. തട്ടിപ്പു സംഘത്തിലെ പ്രധാനികൾക്കു വേണ്ടി ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകിയവരാണ് പിടിയിലായ നാലുപേരും. പിടിയിലായ തങ്കവേലു, രാമകൃഷ്ണൻ എന്നിവരുടെ അക്കൗണ്ടിലേക്ക് 28 ലക്ഷവും, ബാക്കി തുക മറ്റ് 10 അക്കൗണ്ടുകളിലേക്കുമാണ് അയച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകൾ മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകളിലേതാണെന്നാണ് പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തി. പൊലീസ് ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നാലുപേരെ കുടുക്കിയത്.
പരാതിക്കാരനെ വാട്സാപ്പ് കോളിലൂടെ ബന്ധപെട്ട് ആപ്പിലുൾപെടുത്തി ചെറിയ തുകകൾ കൈമാറ്റം നടത്തിയാണ് കെണിയിൽ പെടുത്തുകയും പിന്നീട് 88 ലക്ഷം ഇവർ തട്ടിയെടുത്തത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണത്തിൽ സംഘം കോയമ്പത്തൂരിൽ ഉണ്ടെന്നറിഞ്ഞാണ് സംഘം അങ്ങോട്ടു തിരിച്ചത്. എ എസ് പി ഹരീഷ് ജയിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പക്ടർമാരായ കെ പി അനിൽകുമാർ, സി പി ഒ മാരായ സബീഷ്, അരുൺ, പ്രവേഷ്, ധൻരാജ് ഡി പണിക്കർ എന്നിവരാണ് കോയമ്പത്തൂരിൽ എത്തി പ്രതികളെ പിടികൂടിയത്. കേസിലുൾപെട്ട പ്രധാനികളെ പിടികൂടാനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി സ്റ്റേഷൻ ഓഫീസർ ജി അരുൺ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam