അധ്യാപകര്‍ക്ക് കൂട്ടസ്ഥലമാറ്റം: സ്‌കൂളുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം

By Web TeamFirst Published Feb 5, 2019, 10:31 AM IST
Highlights

ജനുവരി 30നുള്ളില്‍ സമരം നിര്‍ത്തിവെച്ച് ജോലിയില്‍ പ്രവേശിക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് ലംഘിച്ച അധ്യാപകര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. ജനുവരി 30ന് ജോലിക്ക് ഹാജരാകാത്ത 113 സ്‌കൂളുകളിലെ 340 അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. സമരത്തിന് നേതൃത്വം നല്‍കിയതിന് 37 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്

കല്‍പ്പറ്റ: സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്ത അധ്യാപകരെ കൂട്ടമായി സ്ഥലം മാറ്റിയതോടെ ഗൂഡല്ലൂരില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. ഗുഡല്ലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ പ്രാഥമിക-മിഡില്‍ സ്‌കൂളുകളിലെ അധ്യാപകരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും മാസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷ സമരത്തിലായിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ നിരുപാധികം പിന്‍വലിച്ച് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ജനുവരി 30നുള്ളില്‍ സമരം നിര്‍ത്തിവെച്ച് ജോലിയില്‍ പ്രവേശിക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് ലംഘിച്ച അധ്യാപകര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. ജനുവരി 30ന് ജോലിക്ക് ഹാജരാകാത്ത 113 സ്‌കൂളുകളിലെ 340 അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. സമരത്തിന് നേതൃത്വം നല്‍കിയതിന് 37 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ആറ് അധ്യാപകരുള്ള മണ്ണാത്തിവയല്‍ സ്‌കൂള്‍, ഒമ്പത് പേരുള്ള പാട്ടവയല്‍ സ്‌കൂള്‍, ഏഴ് പേരുള്ള പുളിയമ്പാറ സ്‌കൂള്‍ എന്നിങ്ങനെ മൂന്ന് സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകരെയും സ്ഥാലം മാറ്റി. അതേ സമയം പലരും നോട്ടീസ് കൈപ്പറ്റാന്‍ കൂട്ടാക്കിയിട്ടില്ല.

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ചില സ്‌കൂളുകളിലെ പി.ടി.എ കമ്മിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്. പാട്ടവയല്‍, ആറോട്ടുപാറ, പുളിയമ്പാറ, എരുമാട്, മണ്ണാത്തിവയല്‍, മസിനഗുഡി തുടങ്ങി ഒമ്പതോളം സ്‌കൂളുകളിലെ രക്ഷാകര്‍തൃ സമിതി വിദ്യാഭ്യാസ വകുപ്പ് അധികൃതരെ പ്രതിഷേധം അറിയിച്ചു. വാര്‍ഷിക പരീക്ഷ അടുത്ത സമയത്തുണ്ടായിരിക്കുന്ന കൂട്ടസ്ഥാലമാറ്റം പഠനത്തെ സാരമായി ബാധിക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.

സ്‌കൂളുകളിലെ കലോത്സവം, വാര്‍ഷികാഘോഷം എന്നിവ അവതാളത്തിലാകും. നിരവധി ആദിവാസി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകളിലുണ്ടായ നടപടിയും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കുട്ടികളുടെ പഠനത്തെയും സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാതെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ നീലഗിരി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.

click me!