'കൃഷ്ണനാരായണ'നെ കൊണ്ടുവന്നില്ല, 'കൊമ്പൻ രാധാകൃഷ്ണൻ' ഭീതി സൃഷ്ടിച്ചു, ആനയില്ലാതെ ശീവേലി; പാപ്പാന് സസ്പെൻഷൻ

By Web TeamFirst Published Mar 18, 2024, 7:24 PM IST
Highlights

ക്ഷേത്രത്തിൽ ആചാരപരമായി ആനയോട്ട ദിവസം മാത്രമാണ് ആനയില്ല ശീവേലി നടത്താറ്. ദേവസ്വത്തിന്റെ പരാതി പ്രകാരം ഗുരുവായൂർ ടെമ്പിൾ പൊലീസ് പാപ്പാനെതിരെ കേസെടുത്തു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് ആനയെ കൊണ്ടുവരാതിരുന്ന പാപ്പാനെ ദേവസ്വം ജോലിയിൽനിന്ന് മാറ്റിനിർത്തി. ദേവസത്തിലെ കൃഷ്ണനാരായണൻ എന്ന ആനയുടെ പാപ്പാൻ നന്ദകുമാറിനെയാണ് ജോലിയിൽനിന്ന് മാറ്റിനിർത്തിയത്. ഇന്നലെ വൈകിട്ടാണ് ക്ഷേത്രത്തിൽ ശീവേലിക്ക് ആനയെ എത്തിക്കാതിരുന്നത്. ഇതേതുടർന്ന് കരുതലായി നിർത്തിയിരുന്ന കൊമ്പൻ രാധാകൃഷ്ണനെ ശീവേലിക്ക് കൊണ്ടുവന്നിരുന്നു.

എന്നാൽ തിടമ്പേറ്റി പരിചയമില്ലാത്തതിനാൽ കീഴ്ശാന്തിക്ക് കയറാൻ പറ്റുന്ന രീതിയിൽ ആനക്ക് ഇരിക്കാൻ കഴിഞ്ഞില്ല. പാപ്പാന്മാർ വീണ്ടും ശ്രമിച്ചപ്പോൾ കുത്തു വിളക്കുമായി മുന്നിൽ നിൽക്കുന്ന അച്ചുണ്ണി പിഷാരടിയയെ കൊമ്പ് കൊണ്ട് തട്ടി തട്ടി തെറിപ്പിച്ചു. ഉടൻ തന്നെ പാപ്പാന്മാർ ആനയെ വരുതിയിലാക്കി പുറത്തേക്ക് കൊണ്ട് പോയി. തുടർന്ന് ആനയില്ലാതെ ശീവേലി നടത്തേണ്ടിവന്നു. തിടമ്പ് കയ്യിൽ പിടിച്ചാണ് കീഴ്ശാന്തി ചടങ്ങ് പൂർത്തിയാക്കിയത്.

ക്ഷേത്രത്തിൽ ആചാരപരമായി ആനയോട്ട ദിവസം മാത്രമാണ് ആനയില്ല ശീവേലി നടത്താറ്. ദേവസ്വത്തിന്റെ പരാതി പ്രകാരം ഗുരുവായൂർ ടെമ്പിൾ പൊലീസ് പാപ്പാനെതിരെ കേസെടുത്തു. കേരള പോലീസ് ആക്ട് പ്രകാരം മദ്യപിച്ച് ജോലിക്ക് ഹാജരാകാതിരുന്നതിനാണ് പൊലീസ് കേസെടുത്തത്. ജോലിയിൽനിന്ന് മാറ്റിനിർത്തിയ പാപ്പാനെതിരെ അടുത്തദിവസം ദേവസ്വം ഭരണസമിതി യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കും. 

click me!