
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് കാണിക്കയർപ്പിക്കാനായി സ്ഥാപിച്ച ഇ- ഭണ്ഡാരങ്ങൾ ഗുരുവായൂരപ്പന് സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, എസ്.ബി.ഐ നെറ്റ്' വർക്ക് 2 ന്‍റെ ചുമതല വഹിക്കുന്ന ജനറൽ മാനേജർ റ്റി.ശിവദാസ് എന്നിവർ ചേർന്നാണ് ഇ-ഭ ണ്ഡാരസമർപ്പണം നടത്തിയത്.
ഡിജിറ്റൽ യുഗത്തിൽ കടലാസ് രഹിത പണമിടപാട് പ്രോൽസാഹിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഗുരുവായൂർ ദേവസ്വവും പങ്കു ചേരുകയാണെന്ന് ചെയർമാൻ ഡോ: വി.കെ. വിജയൻ പറഞ്ഞു. എസ്.ബി.ഐ ജനറൽ മാനേജർ ടി.ശിവദാസ് ഇ- ഭണ്ഡാരത്തിൽ ആദ്യ കാണിക്കയായി 1001 രൂപ സമർപ്പിച്ചു.
കിഴക്കേ ഗോപുര കവാടത്തിൽ ദീപസ്തംഭത്തിന് മുന്നിൽ ഇരു വശങ്ങളിലുമായാണ് എസ്.ബി.ഐയുടെ സഹകരണത്തോടെ രണ്ട് ഇ- ഭണ്ഡാരങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. സ്മാർട്ട് ഫോൺ കൈവശമുള്ള ഭക്തർക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാം. യു പി ഐ പേമെന്‍റ് സംവിധാനം ഉപയോഗിച്ച് ഗൂഗിൾ പേ, പേ ടൈം, ഭീം പേ ഉൾപ്പെടെ ഏത് മാർഗം വഴിയും ക്യൂആര്‍ കോഡ് സ്കാൻ ചെയ്ത് കാണിക്കയർപ്പിക്കാം.
ഇ-ഭണ്ഡാരം വഴി ലഭിക്കുന്ന തുക ഓരോ മാസത്തെയും ഭണ്ഡാരം എണ്ണലിൽ ഉൾപ്പെടുത്തി രേഖപ്പെടുത്തും. കഴിഞ്ഞ ജൂൺ 24ന് ചേർന്ന ദേവസ്വം ഭരണ സമിതി യോഗമാണ് ഇ - ഭണ്ഡാരം സ്ഥാപിക്കാൻ തീരുമാനിച്ചത്. തീരുമാനമെടുത്ത് മൂന്നു മാസത്തിനകം തന്നെ ഇ- ഭണ്ഡാരം സമർപ്പിക്കാൻ സാധിച്ചു.
സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ , അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ , ഡി.എ മാരായ പി.മനോജ് കുമാർ, എ.കെ.രാധാകൃഷ്ണൻ ,എസ്.ബി.ഐ ഡപ്യൂട്ടി ജനറൽ മാനേജർ രമേശ്.വി, റീജിയണൽ മാനേജർ മനോജ് കുമാർ എം.എന്നിവർ സന്നിഹിതരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam