
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടവും കൊടിയേറ്റവും തിങ്കളാഴ്ച്ച നടക്കും. കുംഭത്തിലെ പൂയം നാളില്‍ സ്വര്‍ണധ്വജത്തില്‍ സപ്ത വര്‍ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി പത്ത് ദിവസം ഭക്തിയിലാറാടും. ആനയോട്ടത്തില്‍ മുന്‍ നിരയില്‍ ഓടാനുള്ള മൂന്ന് ആനകളെ തെരഞ്ഞെടുത്തു. ബാലു, ചെന്താമരാക്ഷന്‍, ദേവി എന്നീ ആനകളെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ദേവദാസ്, നന്ദന്‍ ആനകള്‍ കരുതലായുണ്ടാകും. പത്ത് ആനകളാണ് ആനയോട്ട ചടങ്ങില്‍ പങ്കെടുക്കുക.
ആദ്യം ഓടിയെത്തി ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പ്രവേശിക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. കിഴക്കേ നടയില്‍ ദീപസ്തംഭത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ കണ്ണൂര്‍ സ്വദേശി കരുവാന്റ വളപ്പില്‍ ജിജേഷിന്റെ മകള്‍ ആന്‍വിയ എന്ന ബാലികയാണ് നറുക്കെടുത്തത്. കുട്ടിക്കും രക്ഷിതാക്കള്‍ക്കും ദേവസ്വം ആചാരപൂര്‍വം സ്വീകരണം നല്‍കി.
ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം. രാധ, ആനപ്രേമി സംഘം പ്രസിഡന്റ് കെ.പി. ഉദയന്‍, സജീവന്‍ നമ്പിയത്ത്, ജയന്‍ ആലാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam